
പാലക്കാട് : പാലക്കാട്ടെ ഹണിട്രാപ്പ് സംഘത്തിന്റെ പിടിയിൽ നിന്ന് വ്യവസായി രക്ഷപ്പെട്ടത് തട്ടിക്കൊണ്ടുപോകുന്നതിനിടെ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ കൈകാലുകൾ ബന്ധിച്ച് കാറിൽ കയറ്റി കൊടുങ്ങല്ലൂരേക്ക് കൊണ്ടുപോകുകയായിരുന്നു സംഘം. ഇതിനിടെ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ പാതി വഴിയിൽ ഇയാൾ ഇറങ്ങി ഓടിയതോടെയാണ് ഹണി ട്രാപ്പ് പുറത്തെത്തുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടിൽ അമ്മമാത്രമേ ഉള്ളൂ എന്നും, ഭർത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്.
വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയ വ്യവസായിയെ ശരത്തും സംഘവും ചേർന്ന് കെണിയിൽ വീഴ്ത്തി. സദാചാര പൊലീസ് ചമയുകയും യുവതിയെ മർദ്ദിക്കുന്നതായി അഭിനയിക്കുകയും ചെയ്ത സംഘം വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോയി തുടർ തട്ടിപ്പിനായിരുന്നു നീക്കം.
യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൌൺ സൌത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരൻ. ശരത്തിൻ്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. സംഘം മുമ്പ് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും തട്ടിപ്പിന് കളമൊരുക്കാൻ ശരത്ത് ഉപയോഗിക്കും. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടർ സന്ദേശം അയപ്പിച്ചു. പിന്നാലെ വിശ്വാസം ആർജിക്കും. ഒടുവിലാണ് കെണിയിൽ വീഴ്ത്തലും തട്ടിപ്പും നടത്തുകയെന്ന് പാലക്കാട് ടൌൺ സൌത്ത് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam