
പാലക്കാട്: പറളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ സഹികെട്ടാണെന്ന് പരാതി. പറളി സ്വദേശി കിണാവല്ലൂര്‍ അനശ്വര നഗറിലെ നിർമ്മാണ തൊഴിലാളി പ്രവീണിനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയില്‍ പോലും പലിശക്കാര്‍ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ബഹളം വെച്ചിരുന്നതായും ഇതിൽ മനംനൊന്താണ് പ്രവീൺ ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
രാത്രി പന്ത്രണ്ട് മണിയോടെയാണ് പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ വീടിനകത്ത് പ്രവീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്തെ പലിശക്കാരിൽ നിന്ന് പ്രവീൺ പലപ്പോഴായി ചെറിയ തുക കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതോടെ പലിശക്കാർ നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കട ബാധ്യത കാരണമാണ് താന്‍ മരിക്കുന്നതെന്നും ഇതില്‍ ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നുമാണ് പ്രവീണ്‍ കുറിച്ചിരിക്കുന്നത്. കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ പ്രദേശത്ത് അധികവുമുള്ളത്. ഇവിടെ ബ്ലേഡ് മാഫിയ സജീവമാണ്. എന്നാൽ ഭീഷണി ഭയന്ന് ആരും പരാതി നല്കാറില്ല. നിർമാണ തൊഴിലാളിയായ പ്രവീണിന് രുപത്തിയൊമ്പത് വയസ്സ് മാത്രമാണ് പ്രായം. രണ്ടു ചെറിയ കുട്ടികളുണ്ട് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam