
പട്ടാമ്പി: വിവാദങ്ങൾക്കിടെ മെക് 7ന് പിന്തുണയുമായി പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണ് ഇത്. ജാതിയും, മതവും രാഷ്ട്രീയവും ഒന്നും തനിക്കിതിൽ കാണാൻ കഴിഞ്ഞില്ലെന്നും എംപി പറഞ്ഞു. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെക് 7 ന് പലതരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും തൻ്റെ കണ്ണിൽ ഇത് രാജ്യവ്യാപകമാക്കേണ്ടതാണെന്നും എംപി പറഞ്ഞു. അതേസമയം, മെക് 7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ മലക്കം മറിയുകയാണ് സിപിഎം. വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനൻ പിൻവലിച്ചു. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി മോഹനൻ ഇന്ന് പറഞ്ഞു. നേരത്തെ ഇടത് എംഎൽഎ അഹമ്മദ് ദേവർ കോവിൽ മോഹനന്‍റെ വാദത്തെ തള്ളിയിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് മെക് സെവൻ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനൻ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതിൽ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്. പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചു. വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേർത്ത് തീവ്രവാദ നിറം ചാർത്തിയത് ശരിയല്ല എന്ന പാർട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോൾ പി മോഹനൻ തിരുത്തുമായി വന്നത്.
ജീവിത ശൈല്യ രോഗങ്ങള്‍ക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ എന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും പി മോഹനൻ പറഞ്ഞു. എന്നാൽ, അതൊരു പൊതുവേദിയാണ്. അത്തരം വേദികളിൽ ഉള്‍പ്പെടെ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്‍ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഇത്തരം വേദികളിലും ഇത്തരത്തിലുള്ള ശക്തികള്‍ കയറിപ്പറ്റി നമ്മുടെ നാടിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കാൻ ശ്രമിക്കുന്നവരാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് സെവനെതിരെ ആരോപണമില്ലെന്നും പി മോഹനൻ പറഞ്ഞു.
വയനാട് ദുരന്തം; ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടിയെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam