
പാലക്കാട്: പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മരിച്ച അനസിനെ ഫിറോസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദ്ദിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. പാലക്കാട് നരികുത്തിയിൽ സ്വദേശികളാണ് മരിച്ച അനസും ഇദ്ദേഹത്തെ ആക്രമിച്ച ഫിറോസും. ഉച്ചയോടെയാണ് അനസ് ആക്രമിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനസ് രാത്രിയോടെ മരണമടഞ്ഞു.
ഇന്നലെ വിക്ടോറിയ കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ പരിസരത്ത് അനസിനെ കണ്ടപ്പോൾ ഫിറോസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്തതോടെ ഇവിടെ നിന്ന് പോയ ഫിറോസ് സഹോദരനൊപ്പം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. എന്നാൽ അനസിന്റെ മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മനസിലാകൂ. ഫിറോസ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam