Palakkad Curfew extended : പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങൾ: നിരോധനാജ്ഞ വീണ്ടും നീട്ടി

By Web TeamFirst Published Apr 23, 2022, 7:13 PM IST
Highlights

പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയിലെ നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെ നടപടി. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ശ്രീനിവാസൻ വധം: പ്രതികൾക്ക് സിപിഎം ബന്ധമെന്ന് ബിജെപി 

പാലക്കാട്: ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാർ. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശുദ്ധ റംസാൻ മാസത്തിൽ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാൻ ശ്രമിച്ചതിൽ പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാവണം. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊർജമായി മാറി. ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഷാഫി പറമ്പിൽ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കെഎം ഹരിദാസ്, എംഎൽഎ ശംഖുവാരത്തോട് പള്ളിയിൽ കൊലപാതകികളെ ഒളിപ്പിച്ചതിൽ മൗനം പാലിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദർശിക്കാൻ സ്ഥലം എംപിയോ എംഎൽഎയോ തയ്യാറാവുന്നില്ല. എസ്‌ഡിപിഐ നേതാവിനും സിപിഎം ജില്ലാ സെക്രട്ടറിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

click me!