
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തുണ്ടായ ലോറി അപകടത്തിൽ കണ്‍മുന്നിൽ വെച്ച് ഉറ്റ സുഹൃത്തക്കളായ നാലു പേര്‍ മരിച്ചതിന്‍റെ ഞെട്ടലിൽ മാറാതെ അജ്ന ഷെറിൻ. അപകടത്തിൽ തലനാരിഴയ്ക്കാണ് അജ്ന ഷെറിൻ രക്ഷപ്പെട്ടത്. മറ്റൊരു വാഹനം ഇടിച്ചാണ് ലോറി മറിഞ്ഞതെന്നും അപകടം ഉണ്ടായപ്പോള്‍ താൻ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്ന ഷെറിൻ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. കുഴിയിൽ നിന്ന് പിന്നീട് എങ്ങനെയൊക്കെയൊ കയറി സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും അജ്ന ഷെറിൻ പറഞ്ഞു.
സ്കൂള്‍ വിട്ടശേഷം കടയിൽ നിന്ന് ഐസും സിപ്പപ്പുമൊക്കെ വാങ്ങിയശേഷമാണ് നടന്നുപോയിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചിരുന്നു. ഇതോടെ മണ്ണാറക്കാട് ഭാഗത്ത് നിന്ന് ലോറി ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ചെരിഞ്ഞു. നാലുപേര്‍ കുറച്ച് മുന്നിലായിരുന്നു നടന്നിരുന്നത്.
ഞാൻ കുറച്ച് പുറകിലായിരുന്നു. ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാൻ സമയം കിട്ടി. എന്നാൽ, അവര്‍ നാലുപേര്‍ക്കും രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല. എല്ലാദിവസവും ഒന്നിച്ചാണ് പോകാറുള്ളതെന്നും അജ്ന ഷെറിൻ പറഞ്ഞു. ഇര്‍ഫാനയുടെ ഉമ്മ അവളെ കൂട്ടാനായി അവിടെ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. അവരുടെ സാധനങ്ങളെല്ലാം എന്‍റെ ബാഗിലായിരുന്നു. അജ്ന ഷെറിന്‍റെ ബന്ധുകൂടിയായ ഇര്‍ഫാനയും അപകടത്തിൽ മരിച്ചു. റോഡിലൂടെ നടക്കുമ്പോള്‍ നാലുപേരുടെയും അല്‍പം പിന്നിലായി നടന്നതിനാലാണ് തലരാഴിയ്ക്ക് അജ്ന ഷെറിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഇന്ന് വൈകീട്ടോടെ ദേശീയപാതയിൽ പനയമ്പാടത്ത് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കരിമ്പം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികളായ നാലു പേരാണ് മരിച്ചത്. പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ. ഇവരോടൊപ്പമുണ്ടായിരുന്ന അജ്ന ഷെറിനാണ് തലനാരിഴ്ക്ക് രക്ഷപ്പെട്ടത്.
പനയമ്പാടം അപകടം: കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam