വെന്തുരുകി പാലക്കാട്; താപനില 37 ഡിഗ്രി, അന്തരീക്ഷ ആർദ്രത 60 ന് മുകളിൽ

Published : Apr 30, 2022, 07:30 AM IST
വെന്തുരുകി പാലക്കാട്; താപനില 37 ഡിഗ്രി, അന്തരീക്ഷ ആർദ്രത 60 ന് മുകളിൽ

Synopsis

പാലക്കാട് ജില്ലയിലെ താപനില ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കേരളത്തിലെ കൂടിയ ചൂടാണിത്. എന്നാൽ, 46 ഡിഗ്രി വരെ ഉയർന്ന ഉത്തരേന്ത്യൻ താപനില വെച്ച് നോക്കുമ്പോൾ രാജ്യത്ത് ഇത് അത്ര കൂടിയ താപനിലയല്ല

പാലക്കാട്: രണ്ടുമാസമായി വെന്തുരുകുകയാണ് പാലക്കാട്. രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നായി കഴിഞ്ഞ മാസം മാറി പാലക്കാട്. ഇപ്പോൾ താപനിലയിൽ കുറവുണ്ടെങ്കിലും അന്തരീക്ഷ ആർദ്രതയാണ് വില്ലൻ. പകൽ പുറത്തിറങ്ങാനും രാത്രി കിടന്നുറങ്ങാനും കഴിയാതെ ഉഷ്ണിക്കുകയാണ് പാലക്കാട്. 

പാലക്കാട് ജില്ലയിലെ താപനില ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കേരളത്തിലെ കൂടിയ ചൂടാണിത്. എന്നാൽ, 46 ഡിഗ്രി വരെ ഉയർന്ന ഉത്തരേന്ത്യൻ താപനില വെച്ച് നോക്കുമ്പോൾ രാജ്യത്ത് ഇത് അത്ര കൂടിയ താപനിലയല്ല. പക്ഷെ ഉയർന്ന അന്തരീക്ഷ ആർദ്രതയാണ് ഇപ്പോൾ പാലക്കാട്ടെ പ്രധാന പ്രശ്നം. ഈമാസം മൂന്നുദിവസം ഒഴിച്ചുനിർത്തിയാൽ അറുപതിന് മുകളിലായിരുന്നു അന്തരീക്ഷ ആർദ്രതാ നിരക്ക്. ഏപ്രിൽ 12 ന് അത് 92 വരെയെത്തി.

മുപ്പതിനും അൻപതിനും ഇടയിലുള്ള ഹ്യുമിഡിറ്റിയാണ് ഏറ്റവും സുഖകരമായ അന്തരീക്ഷം. അത് 92 വരെ ഉയർന്നപ്പോൾ പുഴുങ്ങിയിറങ്ങുന്ന അവസ്ഥയാണ് മലയാളിക്ക്. കഴിഞ്ഞ മാസം മുണ്ടൂർ ഐ ആർ ടി സിയിൽ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് പാലക്കാട്ടെ താപനില 41 ഡിഗ്രി വരെ ഉയർന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന മാർച്ച് മാസത്തെ താപനിലയാണിത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം അടുത്തിടെ നടത്തിയ വിശദമായ പഠനത്തിൽ കേരളത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ജില്ലയായി പാലക്കാടിനെ കണ്ടെത്തിയിരുന്നു. മഴ കുറയുന്നതും ചൂട് കൂടുന്നതും അടക്കം പാലക്കാടൻ കാലാവസ്ഥയിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങളെ ആഗോളതാപനവുമായി ചേർത്തു വായിക്കുകയാണ് വിദഗ്ധർ.

പാലക്കാട്ട് മൂണ്ടൂരും കോങ്ങാടും കേരളശേരിയുമാണ് താപനില ഉയർന്നു നിൽക്കുന്ന പ്രദേശങ്ങൾ. ഇത്തവണ വേനലിന്റെ ആദ്യ വാരങ്ങളിൽ തന്നെ വെന്തുരുകിയ ജില്ലയിൽ സൂര്യാഘാതം അടക്കമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിന്റെ ആകെ അന്തരീക്ഷത്തെ സ്വാധീനിക്കുന്ന പാലക്കാടിന്റെ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി വിശദമായ പഠനം ആവശ്യമുണ്ടെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം