ഷാജഹാൻ കൊലപാതകം: പ്രതികളെല്ലാം പിടിയിൽ, അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ്

By Web TeamFirst Published Aug 16, 2022, 9:19 PM IST
Highlights

ഒന്നാം പ്രതി ശബരീഷും രണ്ടാം പ്രതി അനീഷും ഉൾപ്പെടെ 8 പേരും പിടിയിൽ

പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. ഒളിവിലായിരുന്ന 6 പ്രതികൾ കൂടി ഇന്ന് പിടിയിലായി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതോടെ ഷാജഹാൻ കൊലക്കേസിൽ 8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാൻ ഓടിപ്പോകാതിരിക്കാൻ ആയിരുന്നു ഇത്. തുടർന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികൾ. ഇതിൽ മൂന്നാം പ്രതി നവീനെ പട്ടാമ്പിയിൽ നിന്നും ആറാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങൾ എത്തിച്ച് നൽകിയത് നവീൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലിൽ പ്രതികൾ ഒത്തുകൂടിയിരുന്നു. തുടർന്ന് മൂന്ന് സംഘങ്ങളായി ഒളിവിൽ പോകുകയായിരുന്നു. 

ഷാജഹാൻ വധക്കേസ്; പ്രതികളുടെ രാഷ്ട്രീയമെന്ത്, കൊന്നവരും കൊല്ലിച്ചവരും ഒന്നോ? പോര് തുടരുന്നു

കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതികളെ എല്ലാം പിടികൂടാനായത് പൊലീസിന് നേട്ടമായി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളാണ് ഇനി കണ്ടെത്തേണ്ടതുള്ളത്. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കസ്റ്റഡിയിലുള്ള പ്രതികൾ നൽകുന്ന മൊഴി നിർണായകമാകും. ഇന്ന് രാത്രി പ്രതികളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്ത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. 

'മുസ്ലിം ഉന്മൂലനം തന്നെയാണോ സിപിഎമ്മെ നിങ്ങളുടെ രാഷ്ട്രീയം', ഷാജഹാൻ വധത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ബിജെപിയാണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചു. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായും കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

click me!