
കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. ജസ്റ്റിസ് രാജ വിജയരാഘവൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകി ഉത്തരവിട്ടത്. 2022 ഏപ്രിൽ 16നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് എൻഐഎ കേസ്. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ.കേസിൽ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.റിമാന്‍ഡിൽ തുടര്‍ന്നിരുന്ന മറ്റു നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.കേസിന്‍റെ വിചാരണ സ്റ്റേയെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. കേസ് അന്വേഷണം അവസാനിച്ചതിനാൽ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദവും അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.