പാലക്കാട് സുബൈര്‍ വധം: സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ

Published : Apr 15, 2022, 03:26 PM ISTUpdated : Apr 15, 2022, 05:01 PM IST
 പാലക്കാട് സുബൈര്‍ വധം: സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ

Synopsis

കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്.   

തിരുവനന്തപുരം: പാലക്കാട് എലപ്പുളി പാറയിൽ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത് എന്നും എസ്ഡിപിഐ വാർത്താക്കുറിപ്പിൽ പറയുന്നു.

രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്. 

സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

 അക്രമി സംഘത്തിന്റെ ഒരു കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ, അക്രമി സംഘം ഉപയോഗിച്ച ഒരു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇയോൺ കൈറും ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറിലുമാണ് അക്രമി സംഘം എത്തിയത്. ഇതിൽ ഇയോൺ കാറാണ് ഉപേക്ഷിച്ചത്. കുത്തിയതോടാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം.

പാലക്കാട് എലപ്പുള്ളി പാറയിലാണ് സംഭവം.  കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിച്ചതായാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്.  പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈർ പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകനാണ്. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ അക്രമികൾ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളിപാറ ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍