സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

By Web TeamFirst Published Apr 18, 2022, 3:02 PM IST
Highlights

പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്.

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌ എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്.

ഇരട്ടകൊലപാതകത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരായ പ്രതിഷേധം ഉയർന്നതിന് പിറകെയാണ് സുബൈർ വധക്കേസിൽ  നേരിട്ട് പങ്കാളികളായ മൂന്ന് പേരെ പ്രത്യേക സംഘം പിടികൂടിയത്. സുബൈറിനെ കൊലപ്പെടുത്താൻ കാർ വാടകയ്ക്കെടുത്ത എലപ്പുള്ളി സ്വദേശി രമേശ്, കാബ്രത്തെ അറുമുഖൻ, മലമ്പുഴ കല്ലേപ്പള്ളിയിലെ ശരവൺ എന്നിവരെയാണ്  പിടികൂടിയത്. പിടിയിലായവർ ബിജെപി, ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിറകെ പ്രതികൾ   രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം നേരത്തെ കഞ്ചിക്കോടിന് സമീപത്ത് വച്ച് പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ സുഹൃത്തുക്കളാണ് പിടിയിലായവർ. സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് സുബൈർ കൊലപാതകം എന്ന് പ്രതികൾ മൊഴി നൽകിയെന്നാണ് അറിയുന്നത്. അതേമയം ശ്രീനിവാസൻ വധ കേസിൽ  6 പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ആരെയും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ലെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി

സുബൈർ വധ കേസിൽ കസ്റ്റഡിയിലുള്ളവരെ രഹസ്യ കേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലപാതക ഗൂഡാലോചനയിൽ നേതാക്കൾ ഉൾപ്പെട്ടോ എന്ന വിവരങ്ങളാണ് പൊലീസ് തേടുന്നത്. നാളെ  മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കും. ആർ.എസ്. എസ് പ്രവർത്തകൻ ശ്രീനിവാസൻ വധകേസിൽ 6 പേർ നേരിട്ട് പങ്കെടുത്തെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവരെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.

Read Also: 'ശ്രീനിവാസന്റെ വധത്തിൽ പങ്കില്ല, സുബൈർ വധത്തിൽ സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണം'; പോപുലർ ഫ്രണ്ട്

മേലേമുറിയിൽ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് പോപുലർ ഫ്രണ്ട്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പോപുലർ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു. ഒരു അക്രമത്തിനും സംഘടന കൂട്ട് നിൽക്കില്ല. സുബൈർ വധക്കേസിൽ പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിക്കുകയാണ്. സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു. 

 

click me!