
പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ (Subair Murder Case)മൂന്ന് ആർഎസ്എസ് പ്രവർത്തകരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ നേതാക്കളായ സുചിത്രൻ, ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്യൽ എന്നിവയിൽ ഉൾപ്പെട്ടതിനാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായിയവരുടെ എണ്ണം ഒമ്പതായി.
അതേസമയം, പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിത് വധക്കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്. സഞ്ജിത് കേസിൽ ഒളിവിൽ പോയ എട്ട് പേരെയാണ് ഇനി പിടിയിലാകാനുണ്ട്.
സുബൈറിന്‍റെ കൊലപാതകം സഞ്ജിത്ത് വധത്തിന്‍റെ പ്രതികാരം
ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. പ്രതികൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. സുബൈറിന്‍റെ അയൽവാസിയും സഞ്ജിത്തിന്‍റെ സുഹൃത്തുമായ രമേശാണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്. നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചത് മൂന്ന് പേരെയാണ്. ആദ്യ രണ്ട് ശ്രമങ്ങൾ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉപേക്ഷിച്ചു.
ഏപ്രിൽ 1, 8 തീയ്യതികളായിരുന്നു ഈ ശ്രമമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിരുന്നു. എലപ്പുള്ളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്‍റെ അടുത്ത സുഹൃത്താണ് രമേശ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതില്‍ സുബൈറിന് പങ്കുണ്ടാകുമെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നതായും എഡിജിപി വ്യക്തമാക്കി.
സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകളാണ് ഉണ്ടായിരുന്നത്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്.