Palakkad Subair Murder : പാലക്കാട്‌ സുബൈർ വധക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

By Web TeamFirst Published Apr 29, 2022, 7:22 PM IST
Highlights

ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ കൊലക്കേസില്‍ കൊലയാളികളില്‍ അവശേഷിക്കുന്ന മൂന്ന് പേര്‍ വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്പി പറഞ്ഞു.

പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ (Subair Murder Case) രണ്ട് പേര്‍ കൂടി പിടിയിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ കൊലക്കേസില്‍ കൊലയാളികളില്‍ അവശേഷിക്കുന്ന മൂന്ന് പേര്‍ വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്പി പറഞ്ഞു.

സുബൈര്‍ കൊലക്കേസിലാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. ആര്‍എസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാന്‍ പുറപ്പെട്ട നാലംഗ സംഘത്തില്‍  ഉള്‍പ്പെട്ടയാളാണ് വിഷ്ണു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആ ശ്രമം പാളി. പിന്നീടാണ് പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്‍റെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചന.

Also Read: സുബൈർ വധം: പൊലീസ് ആർഎസ്എസിന് വേണ്ടി തിരക്കഥ എഴുതുന്നു, സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും: എസ്‌ഡിപിഐ

അതേസമയം, പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായിരുന്നു. അവശേഷിക്കുന്ന മൂന്ന് പേര്‍ കൂടി വൈകാതെ വലയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതിനിടെ, ശ്രീനിവാസന്‍റെ കൊലപാതകം എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്. മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്.

ശ്രീനിവാസന്‍റേത് പട്ടിക തയാറാക്കി നടത്തിയ കൊലപാതകമെന്ന് അന്വേഷണ സംഘം

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റേത് പട്ടിക തയാറാക്കി നടത്തിയ കൊലപാതകമെന്ന് അന്വേഷണ സംഘം കോടതിയില്‍. കൊൊലപാതകത്തിനായി വലിയ ഗൂഡാലോചന നടത്തിയെന്നും നാലു പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ശ്രീനിവാസന്‍റെ കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്. മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി നാല് പ്രതികളെയും ഞായറാഴ്ച വരെ കസ്റ്റഡിയില്‍ നല്‍കിയത്. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതിനിടെ സുബൈര്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ അതൃപ്തി  പരസ്യമാക്കി സുബൈറിന്‍റെ സഹോദരന്‍ രംഗത്തെത്തി. 

click me!