
പാലക്കാട്: ‘കള്ളവുമില്ല ചതിയുമില്ല എള്ളോളം ഇല്ല പൊളിവചനം’ സത്യസന്ധതയുടെ സന്ദേശം ഉയർത്തുന്ന ഓണപ്പാട്ടിലെ വരികളാണിവ. ഓണത്തെ ഏറ്റവും മഹത്തരമായി അടയാളപ്പെടുത്തുന്ന ഈ വരികൾക്ക് മാതൃകയാവുകയാണ് പാലക്കാട് ട്രാഫിക് ഇൻഫോസ്മെന്റ് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരുകൻ. ശനിയാഴ്ച മമ്പറം തോട്ടുപാലത്തിന് സമീപം വെച്ച് കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയും ആഭരണങ്ങളും ഉണ്ടായിരുന്ന ബാഗ് കുടുംബത്തെ തിരികെ ഏൽപ്പിച്ചാണ് മുരുകൻ മാതൃകയായത്.
എലവഞ്ചേരിയിൽ നിന്നും പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റിലേക്ക് ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്കായി വരുമ്പോഴാണ് സംഭവം. മമ്പറം തോട്ടുപാലത്തിന് സമീപത്ത് വെച്ച് മുന്നിൽ പോവുകയായിരുന്ന ബൈക്കിലെ യാത്രക്കാരിയുടെ കൈയ്യിൽ നിന്നും ബാഗ് റോഡിലേക്ക് വീണത് മുരുകൻ കണ്ടു. തുടർന്ന് അദ്ദേഹം ബാഗ് എടുത്ത് ബൈക്കിനെ പിന്തുടർന്ന് വിവരം അറിയിക്കുകയായിരുന്നു.
മുരുകൻ ബാഗ് കാണിച്ചുകൊടുത്തപ്പോഴാണ് തങ്ങളുടെ ബാഗ് നഷ്ടപ്പെട്ട കാര്യം അവർ അറിയുന്നത്. ബാഗ് പരിശോധിച്ച് അതിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും ആറ് പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇവർ ഉറപ്പുവരുത്തി. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥന്റെ സത്യസന്ധതയെ അഭിനന്ദിച്ച് ദമ്പതികൾ നന്ദി പറഞ്ഞു. സമൂഹത്തിനും നാടിനും അഭിമാനമായി മാറിയ മുരുകൻ, പിന്നീട് ഡ്യൂട്ടിക്കായി ട്രാഫിക് പോയിന്റിലേക്ക് മടങ്ങി. ഓണം ഉയർത്തുന്ന വിശുദ്ധിയുടെയും സ്നേഹത്തിന്റെയും സത്യസന്ധതയുടെയും ആശയം പ്രവർത്തിയിലൂടെ അടയാളം പെടുത്തുകയായിരുന്നു മുരുകൻ.