
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിലും വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫലമറിയാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് വിജയിക്കുമെന്ന പ്രതീക്ഷ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെക്കുന്നത്.
ബിജെപി വലിയ വിജയ പ്രതീക്ഷ കൈവെച്ചാലും അന്തിമ വിജയം മതേതരത്വത്തിനായിരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവും. ഒഫീഷ്യലി ഒരു പാട്ടും ഇറക്കിയിട്ടില്ല. ആവേശക്കമ്മിറ്റിക്കാർ എത്തും. ജനങ്ങൾ നമ്മോട് കാണിക്കുന്ന സഹകരണവും ചിരിയുമെല്ലാം മോശമാവില്ല. നല്ല നമ്പറുണ്ടാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് മതേതര സംവിധാനമാണ് ജയിക്കുന്നതെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു.
അതേസമയം, മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിക്കുകയാണ് ഇടത് സ്ഥാനാർത്ഥിയായ ഡോ പി സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നതെന്നും ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രൻ്റ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.
36300 വോട്ടുള്ള പിരായിരിയിൽ 26000 വോട്ടാണ് പോൾ ചെയ്തത്. 44000 വോട്ടാണ് കണ്ണാടിയിലും മാത്തൂരിലുമുള്ളത്. ഇവിടെ 34000 വോട്ടാണ് പോൾ ചെയ്തത്. ഇവിടെ എട്ടായിരത്തോളം വോട്ട് ആർക്ക് പോൾ ചെയ്തുവെന്നത് അറിയാനുണ്ട്. നഗരസഭയിൽ ബിജെപി ലീഡ് ചെയ്യും. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫായിരിക്കും. നഗരസഭയിൽ 1500 വോട്ടിന് യുഡിഎഫിൻ്റെ പുറകിൽ പോയാലും പിരിയാരി എണ്ണിക്കഴിയുമ്പോൾ ഇടതുമുന്നണി ജയിക്കും. 179, 180 മെഷീനുകളിലെ ലീഡിൽ ജയിക്കും. ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചുനിൽക്കും, 10 വരെ നിലനിൽക്കും. അവസാനം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് യുഡിഎഫിൻ്റെ വിജയഗാനം പുറത്തുവിട്ടത് എതിർക്യാംപാണ്. ഇവൻ്റ് മാനേജ്മെൻ്റാണ് യുഡിഎഫിൻ്റെ പ്രചാരണം മാനേജ് ചെയ്തത്. താമര വിരിയുമെന്ന് സി കൃഷ്ണകുമാറിന് പ്രതീക്ഷിക്കാം. പക്ഷെ കണ്ണാടിയിലും മാത്തൂരിലും ഇ ശ്രീധരന് കിട്ടിയ വോട്ട് അദ്ദേഹത്തിന് കിട്ടില്ല. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയം ഉണ്ടാകും.
ഇത്തവണ വിജയിക്കും, 5000ത്തിലധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി സി കൃഷ്ണകുമാർ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam