
പാലക്കാട്: വടക്കഞ്ചേരി കാരപ്പറ്റയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. നേഘയുടെ ഭർത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്. യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ നേഘയുടെ ഭർത്താവ് പ്രദീപിൻ്റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്വാഭാവിക മരണത്തിന് പാലക്കാട് ആലത്തൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 12.20 ഓടെയാണ് നേഘ കുഴഞ്ഞ് വീണെന്ന വിവരം ഭർതൃവീട്ടുകാർ അറിയിക്കുന്നത്. നേഘയുടെ ബന്ധുക്കൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചെന്നാണ് വിവരം. മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെയും വിവരമറിയിച്ചു. പ്രാഥമിക പരിശോധനയിൽ കഴുത്തിൽ പാടുണ്ടെന്ന് കണ്ടെത്തി. പിന്നാലെയാണ് കുടുംബവും ഭർത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ആറ് വർഷം മുമ്പായിരുന്നു നേഘയുടേയും പ്രദീപിൻ്റെയും വിവാഹം. മക്കളില്ലാതായതോടെ ചെറിയ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രവാസിയായിരുന്ന പ്രദീപ് നാട്ടിലെത്തി ചികിത്സ ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് ഒരു മകൾ ജനിച്ചു. പിന്നാലെ പ്രദീപ് കോയമ്പത്തൂരിലെ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മർദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
യുവതി തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭർത്താവ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബന്ധുക്കളുടെ പരാതി ലഭിച്ച ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഭർത്താവിനെതിരെയും വീട്ടുകാർക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് നേഘയുടെ ബന്ധുക്കളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam