വായ്പ പാസ്സാകാൻ ഒരു ദിവസം മതി: അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് തെളിയിക്കുന്ന രേഖ

By Web TeamFirst Published Feb 14, 2020, 12:24 PM IST
Highlights

ഒരു ദിവസം കൊണ്ടാണ് പാലാരിവട്ടം പാലം പണിത് നൽകിയ  കരാർ കമ്പനിക്ക് വായ്പ നൽകിയത്. ഒറ്റ ദിവസം കൊണ്ട് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും ഒപ്പിട്ടു. കൈപ്പടയിൽ ഒരു ഉത്തരവിറങ്ങി. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് തെളിയിക്കുന്ന രേഖ പുറത്ത്. വായ്പ അനുവദിച്ച് ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ട ഫയലിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് തെളിയിക്കുന്ന സുപ്രധാന രേഖയാണിത്. 

ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കുകയാണ് ഇബ്രാഹിംകുഞ്ഞ്. ഇതിനിടെയാണ് നിർണായകമായ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നത്. 

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിർമാണക്കരാർ കിട്ടിയ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുള്ളത്. ഈ ഫയലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

വായ്പ ഒരു ദിവസം കൊണ്ട് കിട്ടും!

വായ്പ ചോദിച്ച് കരാർ കമ്പനിയായ ആർഡിഎസ് സര്‍ക്കാരിനെ സമീപിച്ചത് 2014 ജൂണ്‍ 30-നാണ്. അടുത്ത ദിവസം തന്നെ വായ്പ അനുവദിച്ച് ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരും മന്ത്രിയും ഫയലിൽ ഒപ്പിട്ടത് ഒറ്റ ദിവസം കൊണ്ടാണ്. ഒരു സ്വകാര്യ കമ്പനിക്ക് സർക്കാർ വായ്പ അനുവദിക്കുന്നതിൽ വലിയ പരിശോധനയും ആലോചനയുമൊക്കെ നടക്കേണ്ടയിടത്താണ് ഒറ്റ ദിവസം കൊണ്ട് വായ്പ കൊടുത്ത് ഉത്തരവിറങ്ങുന്ന അസാധാരണ നടപടി. അതും കൈപ്പടയിൽ എഴുതിയ ഉത്തരവാണ് പുറപ്പെടുവിച്ചത്. അതായത് ടൈപ്പ് ചെയ്യാൻ പോലും സാവകാശമില്ലാതെ, ധൃതി പിടിച്ച് പുറത്തിറക്കിയ ഒരു ഉത്തരവാണിതെന്ന് വിജിലൻസ് പറയുന്നു.

തന്‍റെ അറിവില്ലാതെയാണ് വായ്പ അനുവദിച്ച് ഉത്തരവിറങ്ങിയത് എന്നായിരുന്നു ഇബ്രാഹിം കു‌ഞ്ഞ് വിജിലന്‍സിന് കൊടുത്ത മൊഴി. ഇത്തരം തീരുമാനങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ എടുക്കുന്നതാണ്. അവർ തന്നോട് ഇക്കാര്യമൊന്നും വിശദീകരിച്ചിരുന്നില്ല എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.

എന്നാൽ അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന, പിന്നീട് അറസ്റ്റിലായ ടി ഒ സൂരജ്, ഇതിന് കടകവിരുദ്ധമായി മന്ത്രിയെ കുരുക്കിലാക്കുന്ന മൊഴിയാണ് നൽകിയത്. മന്ത്രി ഇങ്ങോട്ടാവശ്യപ്പെട്ടതുകൊണ്ടാണ് വായ്പ അനുവദിച്ചത് എന്നായിരുന്നു ടി ഒ സൂരജിന്‍റെ മൊഴി. 

പാലം നിർമാണത്തിന് വായ്പ അനുവദിക്കില്ലെന്ന് കരാറുകാരുടെ പ്രീ ബിഡ് യോഗത്തിൽ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ വ്യക്തമായി അറിയിച്ചിരുന്നതാണ്. പാലം നിർമിക്കാനുള്ള മൂലധനമുള്ളവർ മാത്രം ബിഡ് സമർപ്പിച്ചാൽ മതിയെന്നതിന് കൃത്യമായ അറിയിപ്പായിരുന്നു ഇത്. ഈ ചട്ടം തന്നെ ലംഘിച്ചാണ് കരാറുകാരായ ആർഡിഎസിന് വായ്പ അനുവദിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഈ മാസം അഞ്ചാം തീയതി അനുമതി നൽകിയിരുന്നു. മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികൾ എടുക്കാൻ കഴിയാതിരുന്നത് പ്രോസിക്യൂട്ട് ചെയ്യാനായി ഗവർണറുടെ അനുമതി കിട്ടാത്തതിനെത്തുടർന്നായിരുന്നു.

ഇതിന് പുറമേ, കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനിൽക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തു എന്ന ഹർജി ഹൈക്കോടതിയിലുണ്ട്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേർത്ത് അന്വേഷിക്കണമെന്നാണ് ഹർജി. പാലാരിവട്ടം പാലം നിർമാണക്കരാർ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തതെന്നും ഹർജിയിൽ പറയുന്നുണ്ട്. 

click me!