പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

By Web TeamFirst Published Sep 17, 2019, 11:15 AM IST
Highlights

മൂവാറ്റുപുഴ വിജിലൻസ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ്  പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതികളായ ടി ഒ സൂരജ്, തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതി ഹര്‍ജി തള്ളിയതിനെ തുടർന്നാണ്  പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച മൂവാറ്റുപുഴ വിജിലൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പ്രതികളെ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാനും വിജിലൻസിന് അനുമതി നൽകിയിരുന്നു. 

പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എജിഎം എം ടി തങ്കച്ചൻ, കിറ്റ്‍കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരാണ് റിമാൻഡിലുള്ളത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.


 

click me!