പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും

By Web TeamFirst Published Sep 21, 2019, 6:19 AM IST
Highlights

പഴുതുകളടച്ചുള്ള ചോദ്യം ചെയ്യൽ വേണം എന്നാണ്അന്വേഷണ സംഘത്തിന് ലഭിച്ച നിർദ്ദേശം. ഇതിനെ തുടർന്നാണ് കരാർ രേഖകളെല്ലാം വിശദമായി പരിശോധിച്ച് ചോദ്യാവലി തയ്യാറാക്കുന്നത്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്തയാഴ്ച  ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്. മുൻ മന്ത്രിക്കൊപ്പം കിറ്റ്കോയിലേയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷനിലേയും ചില ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തും.
 
വികെ ഇബ്രാഹിംകുഞ്ഞിനെതിരെ റിമാന്‍റിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് തന്നെ കഴിഞ്ഞ ദിവസം മൊഴി നൽകിയ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ പശ്ചാത്തലത്തിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നൽകും. മുൻ മന്ത്രി കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ നിരവധി പഴുതുകൾ കണ്ടെത്തിയിരുന്നു. മാത്രമല്ല കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയ ഗൂഡാലോചനയിൽ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലൻസ് കരുതുന്നത്.

ഈ സാഹചര്യത്തിൽ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യൽ വേണം എന്നാണ്അന്വേഷണ സംഘത്തിന് ലഭിച്ച നിർദ്ദേശം. ഇതിനെ തുടർന്നാണ് കരാർ രേഖകളെല്ലാം വിശദമായി പരിശോധിച്ച് ചോദ്യാവലി തയ്യാറാക്കുന്നത്. ഇതിനിടെ കിറ്റ്കോയിലെയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷനിലേയും ചില ഉദ്യോഗസ്ഥരെ കൂടി വിജിലന്‍സ് വിളിച്ച് വരുത്തിയിട്ടുണ്ട്. 

ഇവരിൽ ചിലർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തീർപ്പാക്കിയിരുന്നു. കേസിൽ ഉദ്യോഗസ്ഥരുടേതടക്കമുള്ള ചില നിർണ്ണായക ചില അറസ്റ്റുകൾ അടുത്തയാഴ്ച ഉണ്ടായേക്കും. അതേസമയം വിജിലൻസ് നോട്ടീസ് കിട്ടിയാൽ മുൻകൂർ ജാമ്യത്തിനടക്കം ശ്രമിക്കുന്നതിനെക്കുറിച്ച് ഇ്രബാഹിംകുഞ്ഞ് നിയമോപദേശം തേടിയിട്ടുണ്ട്. 

click me!