മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ; സുമിത് ഗോയലിന്റെ ആവശ്യം അംഗീകരിച്ച് കോടതി

By Web TeamFirst Published Oct 26, 2019, 8:37 PM IST
Highlights

മാനസിക പിരിമുറുക്കം കുറയ്ക്കാൻ 10,000 രൂപയുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ സുമിത്തിന്‍റെ ചെലവിൽ വാങ്ങി നൽകാനാണ് ഉത്തരവ്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ മുഖ്യപ്രതി സുമിത് ഗോയലിന് ജയിലിൽ പുസ്തകങ്ങൾ അനുവദിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. മാനസിക പിരിമുറുക്കം കുറയ്ക്കാൻ 10,000 രൂപയുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ സുമിത്തിന്‍റെ ചെലവിൽ വാങ്ങി നൽകാനാണ് ഉത്തരവ്. പുസ്തകങ്ങൾ ജയിലിലെ മറ്റ് തടവുകാർക്കും ലഭ്യമാക്കണമെന്ന് കോടതി വ്യക്തമാക്കി.

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാംപ്രതി സുമിത് ഗോയൽ മൂവാറ്റുപുഴ സബ് ജയിലിൽ രണ്ട് മാസമായി റിമാൻഡ് തടവിലാണ്. ദില്ലി സ്വദേശിയായ സുമിത്തിന് മലയാളം അറിയാത്തത്തിനാൽ ആരുമായും ഇടപെടാനാകുന്നില്ല. ഈ സാഹചര്യത്തിൽ പ്രതിയ്ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ വായിക്കാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ അനുവദിക്കണമെന്ന് അഭിഭാഷകൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിക്കുകയായിരുന്നു.

10,000 രൂപ വിലവരുന്ന പുസ്തകങ്ങൾ പ്രതിയുടെ ചിലവിൽ വാങ്ങി നൽകാമെന്നും അഭിഭാഷകൻ വ്യക്തമാക്കി. പുസ്തകങ്ങൾ ജയിലിലെ മറ്റ് തടവുകാർക്കും പ്രയോജനപ്പെടുമെന്നതിനാൽ ഈ നിർദ്ദേശം കോടതി അംഗീകരിച്ചു. നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ പുസ്തകങ്ങൾ സ്വീകരിക്കാൻ മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

ആർഡിഎസ് കമ്പനിയുടെ എംഡി എന്ന നിലയിൽ ബിസിനസ് ആവശ്യങ്ങൾക്കായി ആഴ്ചയിൽ നാല് തവണ 30 മിനിറ്റ് വീതം സന്ദ‍ർശകരെ അനുവദിക്കണമെന്ന ആവശ്യവും സുമിത് ഗോയൽ കോടതിയ്ക്ക് മുന്നിൽ വച്ചു. എന്നാൽ ജയിൽ ചട്ട പ്രകാരം ആഴ്ചയിൽ പരമാവധി രണ്ട് തവണയായി ഒരു മണിക്കൂർ മാത്രമേ സന്ദർശകരെ അനുവദിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി.

click me!