പാലാരിവട്ടം അഴിമതിക്കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ്

By Web TeamFirst Published Sep 20, 2019, 5:52 AM IST
Highlights

പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുൻ മന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ളവർക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചു. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുൻ മന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അടുത്തയാഴ്ച ഇബ്രാഹിം കുഞ്ഞടക്കമുള്ളവർക്കെതിരായ തെളിവുകൾ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.

തലസ്ഥാനത്തെ വിജിലൻസ് ഡയറക്ട‌ർ വിളിച്ചുചേ‍ർത്ത അവലോകന യോഗത്തിന് ശേഷമാണ് പാലാരിവട്ടം പാലം അഴിമതി കേസിന്‍റെ അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചത്. അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ മുൻ മന്ത്രിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലൻസിന് മേൽതട്ടിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ പശ്ചാത്തലത്തിൽ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷനിലെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കാളിത്തം സംബന്ധിച്ച് രേഖകളടക്കമുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കൂടി ഉണ്ടെങ്കിൽ അവ കൂടി കൃത്യമായി ശേഖരിക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് ഇബ്രാംഹിം കുഞ്ഞിന് നോട്ടീസ് നൽകും. കിറ്റ്കോയുടെയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷന്‍റെയും ഉദ്യോഗസ്ഥരെയും വിളിപ്പിക്കും. എന്നാൽ ഇബ്രാഹിം കുഞ്ഞിന്‍റെ കാര്യത്തിൽ ടി ഒ സൂരജ് അടക്കമുള്ളവർ ചേർന്ന് ഉന്നതതല ഗൂഢാലോചനയാണ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. മുൻ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, അധികാര ദുർവ്വിനിയോഗത്തിന്‍റെയോ അഴിമതിയുടെയോ തെളിവുകൾ ഹനീഷിനെതിരെ ഇതുവരേയും കിട്ടിയിട്ടില്ല. ഇതിനിടെ അറസ്റ്റിലായേക്കും എന്ന സൂചനകളെ തുടർന്ന് മുൻകൂർ ജാമ്യം തേടുന്നതുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് വിശ്വസ്തരായ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. എന്നാൽ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും മുമ്പേ മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ പൊതുജനങ്ങൾക്കിടയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും നോട്ടീസ് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കാമെന്നുമാണ് ലഭിച്ച നിയമോപദേശം.

click me!