
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നം പരിഗണിച്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നതിൽ സർക്കാർ എതിർപ്പറിയിച്ചില്ല.
പാലാരിവട്ടം മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയതിൽ അഴിമിതി നടത്തിയെന്ന് കണ്ടെത്തിയായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായി ഒന്നര മാസം പിന്നിടുമ്പോഴാണ് ഹൈക്കോടതിയിൽ നിന്ന് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം എന്നിവയ്ക്ക് പുറമെ അന്വേഷണത്തിൽ ഇടപെടരുത്, പാസ്പോര്‍ട്ട് കോടതിയിൽ കെട്ടിവെയ്ക്കണം, എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധികളിലുണ്ട്.
നേരത്തെ ആരോഗ്യ പ്രശനം പറഞ്ഞ് ഹൈക്കോടതിയൽ ജാമ്യാപേക്ഷ നൽകിയ ശേഷം മുസ്ലീം ഏഡ്യുക്കേഷൻ അസോസിയേഷനിലേക്ക് മത്സരിക്കാൻ അനുമതി തേടിയതിനെ കോടതി വിമർശിച്ചിരുന്നു. ഈ അപേക്ഷ പിൻവലിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി നടപടി. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കോടതി ജാമ്യം നൽകുന്നതിൽ സർക്കാർ കാര്യമായ എതിർപ്പ് അറിയിച്ചില്ല.
കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ഇക്കഴിഞ്ഞ നവംബര്‍ 18നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. നേരത്തെ മുവാറ്റുപുഴ വിജിലന് കോടതിയിലും ഹൈക്കോടതിയിലും ജാമ്യപേക്ഷ, സമർപ്പിച്ചെങ്കിലും തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam