പാലാരിവട്ടം മേൽപാലം അഴിമതി; ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും

By Web TeamFirst Published Sep 24, 2019, 8:14 AM IST
Highlights

സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പുരോഗമിക്കുന്നത്. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ. സൂരജിനെ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ വിജിലൻസ് അനുമതി തേടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം അനുമതി തേടി അപേക്ഷ നൽകി. 

സൂരജിന്റെ ജാമ്യാപേക്ഷയെ വിജിലൻസ് ഹൈക്കോടതിയിൽ എതിർക്കും. ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയ കാര്യം വിജിലൻസ് കോടതിയെ അറിയിക്കും. ടി ഒ സൂരജിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. പദവി ദുരുപയോഗം ചെയ്ത് സൂരജ് പണം സമ്പാദിച്ചെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും.

കരാർ കമ്പനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. മുൻ മന്ത്രിക്കെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കുകയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രി ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് കോടതിയിലേക്ക് കൊണ്ട് പോകുന്ന വഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. 

കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിക്കെതിരായ അന്വേഷണസംഘത്തിന്‍റെ നീക്കം. വി കെ ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.

click me!