മരട് നഗരസഭയുടെ നോട്ടീസ് ചോദ്യം ചെയ്തുള്ള ഫ്ലാറ്റുടമകളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Sep 24, 2019, 7:53 AM IST
Highlights

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി എങ്ങനെയായിരിക്കും പരിഗണിക്കപ്പെടുകയെന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. സുപ്രീം കോടതിയുടെ മുഴുവൻ ഉത്തരവുകളും ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള നഗരസഭ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഗരസഭ സെക്രട്ടറി നൽകിയ നോട്ടീസ് നിയമപരമല്ലെന്നാണ് ഉടമകളുടെ ആരോപണം. ഫ്ലാറ്റുടമയായ എം കെ പോൾ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹർജിക്കാരനെ ഓർമ്മിപ്പിച്ചു. സുപ്രീം കോടതിയുടെ മുഴുവൻ ഉത്തരവുകളും ഇന്ന് ഹാ‍ജരാക്കാൻ സർക്കാറിനോട്  ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മരട് കേസിൽ സംസ്ഥാന സർക്കാരിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്നും ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നുമായിരുന്നു ഇന്നലെ കോടതി നിരീക്ഷിച്ചത്. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോയെന്ന് ചോദിച്ച കോടതി പ്രളയത്തെയടക്കം ഇന്നലെ ഓർമ്മിപ്പിക്കുകയുണ്ടായി. കേസിൽ വിശദമായ ഉത്തരവുണ്ടാകുമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര ഇന്നലെ പറഞ്ഞത്. 

നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്. ഇന്നലെ തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര തീരുമാനിച്ചത്. എന്നാൽ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. 

click me!