
കൊച്ചി: കൊച്ചിയിൽ പൊലീസുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനാണ് പരാതിപ്പെട്ടത്. എസ് ഐക്കെതിരെ നടപടി എടുക്കണമെന്ന് ശുപാർശ വന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ചും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുമ്പും സമാനമായ ആരോപണങ്ങൾ ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടുണ്ട്. പാലാരിവട്ടത്തെ സ്പായിൽ പോയ പൊലീസുകാരൻ മടങ്ങിപ്പോയ സമയത്ത്, സ്പാ ജീവനക്കാരി 6 ലക്ഷം രൂപയുടെ സ്വർണമാല നഷ്ടപ്പെട്ടതായി വിളിച്ചു പറയുന്നു. ആ പണം തിരികെ വേണമെന്നും കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു. തൊട്ടുപിന്നാലെയാണ് എസ് ഐ വിളിക്കുന്നത്. ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയോളം വാങ്ങിച്ചെടുത്തു. പരാതി സെറ്റിൽ ചെയ്യുന്ന സാഹചര്യത്തിലാണ് സ്പെഷൽ അന്വേഷണ സംഘത്തിന് സംശയമുദിക്കുന്നത്.
തുടർന്ന് പൊലീസുകാരനെ വിളിച്ചു ചോദിച്ചപ്പോഴാണ് തന്റെ പക്കൽ നിന്നും എസ്ഐ നാല് ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയതായി ഇയാൾ പറയുന്നത്. എസ്ഐയും സ്പാ ജീവനക്കാരിയും തമ്മിലുള്ള ഗൂഢാലോചന നടത്തിയാണ് പൊലീസുകാരനിൽ നിന്ന് പണം തട്ടിയതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്പായിൽ പോയ കാര്യം ഭാര്യയോട് വിളിച്ചു പറയുമെന്നാണ് പൊലീസുകാരനെ എസ് ഐ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥനെയും സ്പാ ജീവനക്കാരിയെയും ചേർത്ത് പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.