
കണ്ണൂർ: തുടക്കം മുതൽ ക്രൈംബ്രാഞ്ചും പൊലീസും അവഗണിച്ച പാലത്തായി കേസിലാണ് ഇന്ന് നാട് ചർച്ചചെയ്യുന്ന തരത്തിലുള്ള വിധി ഉണ്ടായത്. ആദ്യം മുതൽ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസും ബാലനീതി നിയമ നിയമപ്രകാരമുള്ള ലഘുവായ കേസെന്ന് ക്രൈംബ്രാഞ്ചും എഴുതിത്തള്ളാൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ 20 വർഷത്തിലേറെ നീളുന്ന ശിക്ഷ തലശ്ശേരി പോക്സോ കോടതി വിധിച്ചത്.
2020 മാർച്ച് 17 നു പൊലീസ് മുമ്പാകെ വന്ന പരാതി തുടക്കം മുതൽ അവഗണനയാണ് നേരിട്ടത്. ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിൽ ആണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. പരാതിയിൽ കുട്ടി പറഞ്ഞ തീയതിയിൽ അധ്യാപകൻ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു പാനൂർ എസ് എച്ച് ഓ തന്നെ ഒഴിവുകഴിവ് കണ്ടെത്തി. പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് ഈ കേസിന്റെ ഗൗരവം പുറത്തുകൊണ്ടുവന്ന ശേഷം പൊതുവികാരം ഉണരുകയും പ്രതിയെ പിടികൂടണമെന്ന മുറവിളി ഉയരുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട് എന്ന വാദം ഉയർത്തി. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഐജി തന്നെ ഇക്കാര്യം പരസ്യമായി വിളിച്ചുപറഞ്ഞത് നടുക്കം ഉണ്ടാക്കി.
കുട്ടിയുടെ മൊഴിയെ ദുർബലപ്പെടുത്താനായി മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കം എത്തിച്ചു പലതവണ കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് തന്നെ ശ്രമിച്ചു. ഐജിയുടെ അതേ നിലപാട് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലും ആവർത്തിച്ചു. പോക്സോ വകുപ്പുകൾ നീക്കം ചെയ്തു ബാല നീതി നിയമത്തിലെ 75, 82 വകുപ്പുകൾ മാത്രം ചേർത്ത് ദുർബലമായ കുറ്റപത്രം ആണ്. കോടതി മുമ്പാകെ സമർപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്ത് രക്ഷിതാവ് ഹൈക്കോടതിയിൽ എത്തിയപ്പോൾ പെൺകുട്ടിയുടെ മൊഴിയിൽ സ്ഥിരതയില്ല എന്ന ബാലിശമായ വാദമാണ് ക്രൈംബ്രാഞ്ച് നിരത്തിയത്.
കോടതി നിർദ്ദേശപ്രകാരം അന്ന് നാർകോട്ടിക്സ് എ എസ്പി ആയിരുന്ന രേഷ്മ രമേശ് ഡിവൈഎസ്പി രത്നകുമാർ തുടങ്ങിയവർ അടങ്ങുന്ന അന്വേഷണ സംഘം കുറേക്കൂടി ഗൗരവമായി കേസന്വേഷിക്കുകയായിരുന്നു. കൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന ദിവസം അധ്യാപകൻ സ്കൂളിൽ ഇല്ലായിരുന്നു എന്ന വാദം അടക്കം പൊലീസ് പൊളിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടികളോട് അതിക്രമം കാണിച്ചതിന് എഫ്എൽഎം അടക്കമുള്ള ഉപവകുപ്പുകൾ ചേർത്തു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് പറ്റിയിരുന്നു എന്നത് അടക്കമുള്ള സുപ്രധാനമായ കാര്യങ്ങൾ കുറ്റപത്രത്തിൽ ചേർത്തു. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഉള്ള പരിശോധന റിപ്പോർട്ടുകൾ ഹാജരാക്കി. അങ്ങനെ ബലപ്പെടുത്തി പോക്സോ തിരികെ ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രമാണ് ഇന്നത്തെ വിധിയിലേക്ക് നയിച്ചത്.
തുടക്കം മുതൽ പ്രതി നിഷ്കളങ്കൻ ആണെന്ന വാദത്തിൽ ഒരു വിഭാഗം രാഷ്ട്രീയക്കാർ അടക്കം ആശയക്കുഴപ്പത്തിൽ ആയിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞത് ഭരണകർത്താക്കളും വിശ്വസിച്ചു. കോടതിയുടെ ഇടപെടലും രക്ഷിതാവിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നിരന്തരമായ നീതിക്കായുള്ള പോരാട്ടവും ഇല്ലായിരുന്നുവെങ്കിൽ ഈ കേസിന്റെ ഗതി മറ്റൊന്ന് ആയേനെ.
കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്. അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നുമാണ് ഇന്നലെ പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ എന്നും പ്രതിഭാഗത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ് പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്‍റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി.