
കണ്ണൂര്‍: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധി ഏറെ ആശ്വാസമെന്ന് പാലത്തായി അതിജീവിതയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമ പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദിയെന്നും അതിജീവിതയുടെ ഉമ്മയും ഉമ്മയുടെ സഹോദരനും പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നതെന്നും സന്തോഷമുണ്ടെന്നും ഉമ്മ പറഞ്ഞു. ഒന്നും ചെയ്യാതെ തന്‍റെ കുട്ടി പഠിപ്പിക്കുന്ന അധ്യാപകനെക്കുറിച്ച് പറയില്ലലോ. തന്‍റെ മോള് അനുഭവിച്ചതുകൊണ്ടാണ് എല്ലാം തുറന്നുപറഞ്ഞതെന്നും ഉമ്മ പറഞ്ഞു.
തന്നെ തീവ്രവാദിയായി പോലും ചിത്രീകരിച്ചുവെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും തനിക്ക് അംഗത്വമില്ലെന്നും വിധിയിൽ സന്തോഷമുണ്ടെന്നും അതിജീവിതയുടെ ഉമ്മയുടെ സഹോദരൻ പറഞ്ഞു. പ്രൊസിക്യൂട്ടറും അഭിഭാഷകരുമെല്ലാം കൂടെ നിന്നു. ഏറ്റവും അര്‍ഹിക്കുന്ന വിധിയാണ് ലഭിച്ചത്. അതിൽ സന്തോഷമുണ്ട്. മോളോട് തെറ്റ് ചെയ്തതുകൊണ്ട് അവൻ ശിക്ഷിക്കപ്പെടണം. നിരപരാധിയെ ശിക്ഷിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിനോടും എല്ലാവരോടും നന്ദിയുണ്ട്. ആദ്യം അന്വേഷിച്ച പൊലീസുകാര്‍ പ്രതിക്ക് അനുകൂലമായി നിന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയശേഷമാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ക്രൈംബ്രാഞ്ച് സംഘവും പഴയ അന്വേഷണത്തിന്‍റെ അതേരീതിയിൽ പോയപ്പോള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വെറെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി സത്യം കണ്ടെത്തിയത്. അന്നത്തെ ഉദ്യോഗസ്ഥരാണ് കുറ്റകൃത്യം തെളിയിച്ചത്. കോടതി വിധിക്കെതിരെ പ്രതിഭാഗം അപ്പീലുമായി പോകുകയാണെങ്കിൽ തങ്ങളും നിയമപരമായി മുന്നോട്ടുപോകും. അവള്‍ക്ക് ആറുമാസമുള്ളപ്പോഴാണ് അവളുടെ ഉപ്പ മരിക്കുന്നത്. ആരും ചോദിക്കാനും പറയാനുമില്ലെന്ന് കരുതി ചെയ്ത ക്രൂര കൃത്യത്തിന് തക്കതായ ശിക്ഷയാണ് ലഭിച്ചതെന്നും കുടുംബം പറഞ്ഞു.