പാലാ ബിഷപ്പിന്‍റെ പ്രസ്താവന മത സൗഹാർദത്തെ മുറിവേല്പിക്കുന്നത്, മാപ്പ് പറയണം; പാളയം ഇമാം

By Web TeamFirst Published Sep 10, 2021, 7:09 PM IST
Highlights

പ്രലോഭനങ്ങളിലൂടെ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട യാതൊരു നിര്‍ബന്ധിതാവസ്ഥയും ഒരു സമുദായത്തിനുമില്ലെന്ന് പാളയം ഇമാം പറഞ്ഞു.

തിരുവനന്തപുരം: സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയ്ക്കെതിരെ പാളയം ഇമാം. പാല ബിഷപ്പിന്‍റെ പ്രസ്താവന മത സൗഹാർദത്തെ മുറിവേല്പിക്കുന്നതാണെന്ന് പാളയം ഇമാം ഡോ. വിപി  സുഹൈബ് മൗലവി കുറ്റപ്പെടുത്തി.

മതസൗഹാർദത്തിന് കാവല്‍ക്കാരനാകേണ്ട ബിഷപ്പ് ഒരു സമുദായത്തെ പൈശാചികവത്കരിച്ച് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയത് ശരിയായില്ല. ഇസ്ലാം ഭീതി ശക്തിപ്പെടുത്താനും മതവിഭാഗങ്ങള്‍ക്കിടയിലുള്ള പര്സപര വിശ്വാസം തകരാനും ഇത്തരം പ്രസ്താവനകള്‍ കാരണമാകും.  

പ്രലോഭനങ്ങളിലൂടെ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട യാതൊരു നിര്‍ബന്ധിതാവസ്ഥയും ഒരു സമുദായത്തിനുമില്ല. ഉത്തരവാദിത്വപ്പെട്ട ഒരു പദവിയിലിരുന്ന് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ ബിഷപ്പ് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൌലവി ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!