
മലപ്പുറം: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Hyderali Shihab thangal) മൃതദേഹം അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും പാണക്കാട് വസതിയിൽ എത്തിച്ചു. പാണക്കാട്ടെ വീട്ടിൽ പൊതുദർശനമില്ലെന്നും നിരവധിപ്പേരാണ് എത്തിച്ചേർന്നിട്ടുള്ളത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ അവസരം ലഭിക്കുക. അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു. ഖബറടക്കം നാളെ രാവിലെ 9ന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും.
ഇസ്ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റായ അദ്ദേഹം 12 വർഷം ആ സ്ഥാനത്ത് തുടർന്നു. 12 വർഷം കേരളത്തിലെ മുസ്ലിംലീഗിനെ നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാളാണ്. പ്രതിസന്ധികാലങ്ങളെ ചിരിയോടെ നേരിട്ട ഹൈദരാലി തങ്ങൾ പല നിസ്സഹായരായ മനുഷ്യരുടെയും ആശ്രയകേന്ദ്രമായിരുന്നു.
2009 ൽ ജ്യേഷ്ഠൻ പാണക്കാട് സ യ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നാണ് ഹൈദരാലി തങ്ങൾ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുമ്പ് 19 വർഷം പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പേർ ആത്മീയ ഉപദേശങ്ങൾ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാർത്ഥനയാലും സ്നേഹത്താലും ചേർത്ത് നിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. നിർധനർ കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് നിന്നും തിരിച്ച് പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങൾ. വീതം വെപ്പുകളിൽ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പാർട്ടിയിലെ വലിയ തർക്കങ്ങൾക്കിടയിൽ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വർഷം കേരളത്തിലെ ലീഗിനെ നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു.
പാണക്കാട് ഹൈദരലി തങ്ങളെന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ; കബറടക്കം നാളെ രാവിലെ 9ന് പാണക്കാട്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരിച്ചു. നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മനുഷ്യസ്നേഹിയായ വ്യക്തിയുടെ നിര്യാണം അത്യന്തം ദു:ഖകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറിച്ചു. യുഡിഎഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു അദ്ദേഹമെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. എല്ലാ വിഭാഗം ജനങ്ങളോടും സൗഹാർദവും സ്നേഹവും സൂക്ഷിച്ച വ്യക്തിയായിരുന്നു പാണക്കാട് തങ്ങളെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഓർമ്മിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam