'ലീഗ് വർഗീയ പാര്‍ട്ടിയല്ലെന്നത് യാഥാർത്ഥ്യം, സിപിഎമ്മിന്‍റെ മാത്രമല്ല, കേരളത്തിന്‍റെയാകെ അഭിപ്രായം': ലീഗ്

By Web TeamFirst Published Dec 10, 2022, 12:25 PM IST
Highlights

ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

മലപ്പുറം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. സിപിഎമ്മിന്‍റെ മാത്രമല്ല, കേരളത്തിന്‍റെയാകെ അഭിപ്രായമാണത്. എം വി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് വ‍ർഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എല്‍ഡിഎഫിലേക്കുള്ള  ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കരുതലോടെയായിരുന്നു ഇക്കാര്യത്തിൽ ലീഗിന്‍റെ പ്രതികരണം.

എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്‍കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണമെന്ന നിലപാട് മുസ്ലിം ലീഗ് ആവർത്തിച്ചു.  പ്രധാനപ്പെട്ട വിഷയമാണിതെന്ന് കോൺഗ്രസ് ഉൾപ്പടെ എല്ലാ കക്ഷികളും മനസ്സിലാക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കോൺഗ്രസിന്‍റെ അസാന്നിധ്യം രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയതാണെന്ന് പി വി അബ്ദുൾ വഹാബ് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മുസ്ലീം ലീഗ് നിലപാട് സര്‍ക്കാരിനൊപ്പമായിരുന്നു. നിയമസഭയില്‍ വിഷയം വന്നപ്പോള്‍ ലീഗിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസിനും സര്‍ക്കാരിനെ പിന്തുണക്കേണ്ടിവന്നു. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയത് മുതല്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം എല്‍ഡിഎഫ് പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായം പറയുന്നത് ലീഗിലും യു ഡി എഫിലുമൊക്കെ ചര്‍ച്ചയുമായിരുന്നു. ഇതിനിടെയാണ് ശരിയത്ത് വിവാദകാലം മുതല്‍ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി സി പി എം നേതൃത്വം ലീഗിനെ പ്രശംസിച്ചത്.  

click me!