കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്. റെയ്ഡ് നടപടികള്‍ക്കെതിരെ നൽകിയ ഹര്‍ജി സിജെ റോയ് രണ്ടു ദിവസത്തിനുശേഷം പിൻവലിച്ചു
ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നൽകിയ ഹര്‍ജി സിജെ റോയ് രണ്ടു ദിവസത്തിനുശേഷം പിൻവലിച്ചു. ഹര്‍ജി പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹര്‍ജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവിൽ റെയ്ഡിന് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. റെയ്ഡിൽ രേഖകള്‍ പിടിച്ചെടുത്തത് അനികൃതമാണെന്നും ഹര്‍ജിയിൽ സിജെ റോയ് വാദിച്ചിരുന്നു. ഡിസംബര്‍ 16നാണ് കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിജെ റോയിയും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് കീഴിലെ എട്ടു കമ്പനികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, സിസംബര്‍ 18ന് തന്നെ ഹര്‍ജി പിൻവലിക്കാൻ അപേക്ഷ നൽകി. വിശദമായ വാദത്തിന് മുന്‍പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഹര്‍ജി പിൻവലിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.
അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയിൽ നാളെ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വെച്ചത് എന്ന് വ്യക്തമല്ല.
ഇതിനിടയിൽ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് പ്രത്യേക സംഘം. കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സി.ജെ. റോയ് ബെംഗളൂരുവിൽ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും. കൊച്ചിയിൽ നിന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് ബെംഗളൂരു വിടരുത് എന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഫിഡന്‍റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും നീക്കമുണ്ട്. റോയിയുടെ ഫോൺവിളികളുടെ വിശദംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം ശേഖരിച്ചു. റോയ് ആത്മഹത്യ ചെയ്തതാണ് എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അദ്ദേഹം എന്തിന് അത് ചെയ്തു എന്നാണ് ഇനി അറിയേണ്ടത്. അതിനൊപ്പം തന്നെ റോയ് പടുത്തുയർത്തിയ സാമ്രാജ്യം മുന്നോട്ടു കൊണ്ടുപോകേണ്ടതുമുണ്ട്. മകനെയും ഭാര്യയെയും മുൻനിർത്തി അധികം വൈകാതെ തന്നെ അതിനുള്ള ശ്രമങ്ങളിലേക്ക് കോൺഫിഡൻസ് ഗ്രൂപ്പ് കടക്കും.



