ആ സൗമ്യസാന്നിധ്യം ഇനിയില്ല ; തങ്ങൾക്ക് വിട, പുലർച്ചെ രണ്ട് മണിക്കു ശേഷം ഖബറടക്കം നടന്നു

Web Desk   | Asianet News
Published : Mar 07, 2022, 02:35 AM ISTUpdated : Mar 07, 2022, 02:53 AM IST
ആ സൗമ്യസാന്നിധ്യം ഇനിയില്ല   ; തങ്ങൾക്ക് വിട, പുലർച്ചെ രണ്ട് മണിക്കു ശേഷം  ഖബറടക്കം നടന്നു

Synopsis

നാടകീയമായി മൃതദേഹം പാണക്കാട് കൊടപ്പനക്കൽ തറവാട്ടില്‍ എത്തിച്ച് പുലര്‍ച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു.

പാണക്കാട്: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Hyderali Shihab thangal)  ഖബറടക്കം നടന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നത്. പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു, സംസ്ഥാന സര്‍ക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.

നേരത്തെ വന്‍ ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് നാടകീയമായി മൃതദേഹം പാണക്കാട് കൊടപ്പനക്കൽ തറവാട്ടില്‍ എത്തിച്ച് പുലര്‍ച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിച്ചത്. എങ്കിലും അവസാന നിമിഷത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ തിരക്കും കാരണം ഖബറടക്കം രണ്ട് മണിക്ക് ശേഷമാണ് നടന്നത്.

അതേ സമയം പ്രമുഖരടക്കം ആയിരങ്ങൾ മലപ്പുറം ടൌൺ ഹാളിൽ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അർപ്പിച്ചു. 

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവിൽ നിന്ന്  ഹൈദരലി  തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മുസ്ലിം ലീഗ് സംസഥാന അധ്യക്ഷനേൻ ശ്രീ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മലപ്പുറം നഗരസഭയിലെ സ്കൂളുകളുടെ പ്രവൃത്തി സമയം നാളെ 12 മണി മുതൽ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌൺഹാളിലേക്ക് എത്തിച്ചത്. അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു.

2009 ൽ ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുട‍ർന്നാണ് ഹൈദരാലി തങ്ങൾ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുമ്പ് 19 വർഷം പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പേ‍ർ ആത്മീയ ഉപദേശങ്ങൾ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാർത്ഥനയാലും സ്നേഹത്താലും ചേർത്ത് നിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 

നി‍ർധനർ കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് നിന്നും തിരിച്ച് പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങൾ. വീതം വെപ്പുകളിൽ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പാർട്ടിയിലെ വലിയ തർക്കങ്ങൾക്കിടയിൽ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വർഷം കേരളത്തിലെ ലീഗിനെ  നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേമത്ത് സർപ്രൈസുമായി കോണ്‍ഗ്രസ്, വൈഷ്ണ സുരേഷ് പരിഗണനയിൽ, വട്ടിയൂർക്കാവിൽ മുരളീധരൻ; തിരുവനന്തപുരം, കൊല്ലം സാധ്യതാ പട്ടിക
എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങും, കടുത്ത നിലപാടുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ; തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും