
പൈനാവ്: ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് നിൽക്കുന്നതടക്കമുള്ള ഭൂമി തങ്ങളുടേതെന്ന ദേവസ്വം ബോർഡിന്‍റെ വാദം തള്ളി ജില്ലാ കളക്ടർ. ഒരിഞ്ച് ഭൂമി പോലും ദേവസ്വം ബോർഡിനില്ല, അമ്പലമടക്കം എല്ലാം കയ്യേറ്റമാണെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാഞ്ചാലിമേട്ടിൽ കുരിശുകൾ നാട്ടിയിരിക്കുന്നത് ആരുടെ ഭൂമിയിലാണെന്ന് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ സ്ഥലം സന്ദശിച്ചത്.
അമ്പലവും കുരിശും നിൽക്കുന്ന സ്ഥലം ഉൾപ്പടെ 22 ഏക്കർ ദേവസ്വം ബോര്‍ഡിന്‍റെതെന്നായിരുന്നു പത്മകുമാറിന്‍റെ അവകാശവാദം. എന്നാൽ ദേവസ്വം ബോർഡിന് ഇവിടെ ഒരിഞ്ച് ഭൂമിയില്ലന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എല്ലാം സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയാണെന്നാണ് ഇടുക്കി കളക്ടർ .എച്ച് ദിനേശൻ രേഖകള്‍ ഉദ്ധരിച്ച് പറയുന്നത്.
ക്ഷേത്രവും ഭൂമിയും ദേവസ്വം ബോർഡ് ഏറ്റെടുത്തുതായി പറയുന്ന 2013ലെ ഗസ്റ്റ് വിജ്ഞാപനം അസാധുവാണ്. സർവ്വേ നമ്പറിലടക്കം തെറ്റുമുണ്ടെന്ന് രേഖകൾ ഉദ്ദരിച്ച് കളക്ടർ വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടം ഹൈക്കോടതിക്ക് സമർപ്പിച്ചുകഴിഞ്ഞു.
കോടതി ഉത്തരവ് അനുസരിച്ച് എല്ലാ കൈയ്യേറ്റങ്ങളും വേണ്ടിവന്നാൽ ഒഴിപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഇതോടെ പഞ്ചാലിമേട്ടിൽ റവന്യൂ വകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഏറ്റമുട്ടലിന് കൂടി വഴിയൊരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam