
കാസർകോട്: കാസർകോട് ബന്തടുക്കയിൽ പഞ്ചായത്ത് റോഡ് കെട്ടി അടച്ച് സ്വകാര്യ വ്യക്തി. സ്വന്തം വീടുണ്ടായിട്ടും ഭിന്നശേഷിക്കാരായ രണ്ട് പേരടങ്ങുന്ന പ്രതാപൻ്റെ കുടുംബം താമസിക്കുന്നത് കടമുറിയുടെ ചായ്പ്പിലാണ്. റോഡ് പുനസ്ഥാപിക്കാൻ മന്ത്രിയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടും നടപടി ഉണ്ടായില്ല.
കുറ്റിക്കോൽ പഞ്ചായത്ത് ഏറ്റെടുത്ത റോഡാണ് സ്വകാര്യ വ്യക്തി അടച്ച് കമുക് നട്ടിരിക്കുന്നത്. നടവഴി മാത്രം വിട്ട് ചെങ്കല്ലുകൊണ്ട് കെട്ടി അടച്ചിട്ടുമുണ്ട്. ബന്തടുക്കയിലെ പ്രതാപനും കുടുംബത്തിനും കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്ക് പോകാനാവുന്നില്ല. ഭിന്നശേഷിക്കാരായ മുതിർന്ന രണ്ട് മക്കളാണിവർക്ക്. റോഡ് അടച്ചതോടെ ബന്തടുക്കയിലെ കടമുറിയോട് ചേർന്നുള്ള ചായിപ്പിലാണ് താമസം.
റോഡ് പുനസ്ഥാപിച്ച് വഴിയൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അദാലത്തിൽ നിർദേശം നൽകിയെങ്കിലും നടപ്പിലായില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഈ കുടുംബം വീട്ടിലേക്കുള്ള റോഡ് പുനസ്ഥാപിക്കാനായി ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. ഹൈക്കോടതിയിൽ കേസുള്ളതിനാലാണ് റോഡ് പുനസ്ഥാപിക്കാൻ കഴിയാത്തത് എന്നാണ് പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്.