
കൊല്ലം: തൊടിയൂരില്‍ കുടുംബ തര്‍ക്ക മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്. പാലക്കാട് മണ്ണാര്‍ക്കാട് ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. തേവലക്കര സ്വദേശി മുഹമ്മദ് ഷായെയും യൂസുഫിനെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. പിടിയിലായവരെല്ലാം ബന്ധുക്കളാണ്.
പാലോലികുളങ്ങര ജമാഅത്ത് ഓഫീസില്‍ വച്ച് കുടുംബ തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ചര്‍ച്ച നടക്കുമ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ജമാഅത്ത് സെക്രട്ടറിയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളുമായ സലീമിനെ സംഘം ചേര്‍ന്ന് നെഞ്ചില്‍ ഇടിച്ചും ചവിട്ടി വീഴ്ത്തിയും മര്‍ദ്ദിച്ചത്. മഹല്ല് സെക്രട്ടറിയെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴായിരുന്നു ക്രൂര മര്‍ദ്ദനം. മഹല്‍ സെക്രട്ടറി ഷെമീറിനും മര്‍ദ്ദനമേറ്റെന്നാണ് എഫ്‌ഐആര്‍.
അതേസമയം, ആസൂത്രണം നടത്തി എസ്ഡിപിഐ നടപ്പിലാക്കിയതാണ് കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. സിപിഎം തൊടിയൂര്‍ വാര്‍ഡ് അംഗം കൂടിയായ സലീമിന്റെ കുടുംബാംഗങ്ങളെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കൊലക്കുറ്റത്തിനാണ് കേസെടുത്തത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി യുവതിയുടെ ബന്ധുക്കളെന്ന പേരില്‍ കൂട്ടമായി ആളെത്തിയതിലെ അസ്വാഭാവികതയിലാണ് സംശയം. 15 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam