കൈക്കൂലിയുമായി അപേക്ഷകനൊപ്പം ഉണ്ടായിരുന്നത് വിജിലൻസ്, പണം കൈപ്പറ്റിയതിന് പിന്നാലെ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

By Web TeamFirst Published Jul 6, 2022, 9:25 PM IST
Highlights

രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം നടത്താനുള്ള അനുമതി തേടിയാണ് വിളപ്പൽ പ‌ഞ്ചായത്തിൽ താമസിക്കുന്ന അൻസാരി അപേക്ഷ നൽകിയത്

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാൻ അനുമതി നൽകുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽ പ‍ഞ്ചായത്തിലെ ഓവർസിയർ ശ്രീലതയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ശ്രീലതയെ പിടികൂടിയത്.

രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം നടത്താനുള്ള അനുമതി തേടിയാണ് വിളപ്പൽ പ‌ഞ്ചായത്തിൽ താമസിക്കുന്ന അൻസാരി അപേക്ഷ നൽകിയത്. നിർമ്മാണം നടത്തുന്നതിലെ തടസ്സങ്ങള്‍ ചൂണ്ടികാട്ടി ഓവർസിയർ ശ്രീലത അപേക്ഷ പല പ്രാവശ്യം മടക്കി. നിയമപരമായി നിർമ്മാണത്തിന് അനുമതി നൽകാൻ തടസ്സമുണ്ടെന്നായിരുന്നു മറുപടി. ഒടുവിൽ അനുമതി നൽകാൻ ഓവർസിർ പണം ആവശ്യപ്പെട്ടു. ഇക്കാര്യം  അപേക്ഷകൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പതിനായിരം രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് കൈമാറാനായിരുന്നു നിർദ്ദേശം. ഇത് പ്രകാരം അൻസാരി ശ്രീലതയ്ക്ക് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം സ്ഥലത്തെത്തി ഓവർസിയറെ കൈയോടെ പിടികൂടി. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി അജയകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. അപേക്ഷകർക്ക് ഒപ്പം എത്തിയവർ വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെയാണ് ഓവർസിയറായ ശ്രീലത കൈക്കൂലി വാങ്ങിയത്. ഈ സമയത്താണ് ഉദ്യോഗസ്ഥർ തങ്ങൾ വിജിലൻസിൽ നിന്നാണെന്നും നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും ശ്രീലതയെ അറിയിച്ചത്. അഴിമതി ആരോപണങ്ങളെ തുടർന്ന് ആറ് മാസം മുൻപ് ഇതേ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഓവർസിയർ ശ്രീലത വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെയാണ് പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ സമീപിച്ചത്. 
 

click me!