
തിരുവനന്തപുരം കൽപന കോളനിയിൽ വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി എന്ന രതീഷ്, മുരുക്കുംപുഴ സ്വദേശികളായ അനു, ബിജു എന്നിവരാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ഒരു മാസത്തിനിടെ മൂന്നു സ്ഥലങ്ങളിൽ വീടുകള്‍ കയറി അക്രമം. പൊലീസ് എത്തുമ്പോഴേയ്ക്കും ഓടി രക്ഷപ്പെടും. പോലീസിൽ വിവരം അറിയിക്കുന്നവരുടെ വീടുകൾ കയറി ആക്രമിക്കും. വധശ്രമം, കൂലിത്തല്ല്, ബോംബേറ് തുടങ്ങി നിരവധി കേസുകളിൽ പ്രതി. കഴക്കൂട്ടം, മംഗലപുരം രണ്ടു സ്റ്റേഷനുകളിലായി നാൽപതോളം കേസുകൾ. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയുടെ വിശേഷണങ്ങളാണിത്.
അഞ്ചു ദിവസം മുൻപ് കഴക്കൂട്ടത്തെ വീട് കയറി ആക്രമിച്ചതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ ജാമ്യം കിട്ടി പുറത്തിറങ്ങി. കേസെടുത്ത് ജയിലില്‍ കഴിഞ്ഞതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഈ വീടിന് സമീപത്തെത്തി. ഇതറിഞ്ഞ് പൊലീസുകാരെത്തിയതോടെ ഉണ്ണി, പാര്‍വതിപുത്തനാര്‍ നീന്തിക്കടന്ന് മറുകരയിലെത്തി. രക്ഷപ്പെട്ടെത്തിയത് ഫാത്തിമപുരത്തായിരുന്നു. അവിടെ തനിക്കെതിരെ കേസ് കൊടുത്ത സ്റ്റാലന്റെ വീട് ലക്ഷ്യം വെച്ച് നീങ്ങി. രാത്രി ഒന്‍പത് മണിയോടെ സ്റ്റാലന്റെ വീടിന് ഉണ്ണിയും സംഘവും തീവെച്ചു.
ഇവിടെയും പൊലിസ് എത്തും മുമ്പ് രക്ഷപ്പെട്ടു. വീട് പൂർണ്ണമായും കത്തിയമർന്നു. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം അഗ്നിക്കിരയായി. പഞ്ചായത്ത് ഉണ്ണിയുടെ ഭീഷണി കാരണം വീട്ടുടമ സ്റ്റാലൻ മാറി താമസിച്ചു വരികയാണ്. പൂട്ടിയിട്ട വീടായതിനാല്‍ ആളപയാമുണ്ടായില്ല. സ്റ്റാലന്റെ മാതാവിന്‍റെ വീട് കയറി അക്രമിച്ച സംഭവത്തില്‍ കേസ് കൊടുത്തതിനുള്ള വിരോധമാണ് തീയിടാന്‍ കാരണം. ഇത് പ്രതി പൊലീസിനോടും സമ്മതിച്ചു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പഞ്ചായത്ത് ഉണ്ണിയേയും സംഘത്തെയും മുരുക്കുംപുഴയിലെ രഹസ്യ കേന്ദ്രം വളഞ്ഞാണ് പൊലീസ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam