
കണ്ണൂർ: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണ് താനെന്ന് പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ പാണ്ട്യാല ഷാജി. കയ്യും കാലും ഒടിഞ്ഞ താൻ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നത്. പിണറായി വിജയന്‍റെ ബോഡിഗാർഡായിരുന്ന ബാബുവിനെ കൊലപ്പെടുത്തിയത് പാർട്ടി വിട്ടതിന്‍റെ പേരിലാണെന്നും ഷാജി ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ് പാണ്ട്യാല ഗോപാലൻ മാസ്റ്റർ.
പാണ്ട്യാല ഷാജിയുടെ വാക്കുകൾ ഇങ്ങനെ
"1986 ലാണ് സിഎംപി ആയി താൻ സിപിഎമ്മിൽ നിന്നും പുറത്തേക്ക് വരുന്നത്. ആ കാലയളവിൽ തലശ്ശേരി കടപ്പുറത്തുള്ള സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എകെജി സഹകരണ ആശുപത്രിയുടെ തെരഞ്ഞെടുപ്പ് രാഷ്ചട്രീയകാലം. അന്ന് കൈവശം ഉണ്ടെന്ന് പറയാവുന്നത് പ്രസംഗിക്കാനുള്ള കഴിവ് മാത്രമാണ്. എന്റെ പ്രസംഗത്തെ കുറിച്ച് ഉണ്ടായിരുന്ന പരാതികൾ സിപിഎമ്മിന്റെ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർത്താൻ തുടങ്ങി. പ്രസംഗിക്കുമ്പോൾ തെറി വിളിക്കുന്നുവെന്നായിരുന്നു പരാതി. അങ്ങനെ ഒരു കാര്യമേ ഉണ്ടായിരുന്നില്ല. ദുഷ്ടപ്രചാരണം മാത്രമായിരുന്നു അത്.
അതിന് ശേഷം എകെജി സഹകരണ ആശുപത്രിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിന് ശേഷമാണ് എന്നെ ആക്രമിക്കുന്നത്. ഒരുമണിക്കൂറോളം സമയം നീണ്ട് നിന്ന അടിയാണ്. എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പോലും വന്നവരിൽ ഒരാൾക്കും അറിയുമായിരുന്നില്ല. ഒരു ഓർഡർ നടപ്പിലാക്കാൻ വന്ന കൂലിക്കാരായ തല്ലുകാർ മാത്രമായിരുന്നു അവർ.
ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അതിന് ശേഷം 40 ദിവസത്തോളം അബോധാവസ്ഥയിൽ കിടന്നു. കൈയ്യും കാലും ഒടിഞ്ഞ് ഒന്നരക്കൊല്ലം കിടപ്പിലായി. പിണറായി വിജയൻ കൽപ്പിക്കാതെ ഇത് ചെയ്യില്ല. ഇതിനെ കുറിച്ച് അന്നത്തെ പാർട്ടിയുടെ നേതാവ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി പറഞ്ഞത് ഞാൻ നടത്തുന്ന തെറിപ്രസംഗത്തിനെതിരെ പാർട്ടിയുടെ ഷോക്ക് ട്രീറ്റ് മെന്റ് ആണെന്ന്. നാടാകെ ഇതിൽ പാർട്ടിക്ക് ഒപ്പം നിൽക്കണമെന്നുമായിരുന്നു.
പിണറായി വിജയന്‍റെ ബോഡിഗാർഡായിരുന്ന ബാബുവിനെ കൊലപ്പെടുത്തിയത് പാർട്ടി വിട്ടതിന്‍റെ പേരിലാണ്. ബാബു പിണറായിയുടെ പ്രിയപ്പെട്ട ബോഡീഗാർഡായിരുന്നു. പിന്നീട് പിണറായിയുമായി പിണങ്ങി. അയാളെ കൂലിക്കാളെ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു".
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam