പാ‍ർട്ടിയിൽ ഒറ്റപ്പെട്ട് പനീ‍ർസെൽവം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ എടപ്പാടി പളനിസാമി

By Web TeamFirst Published Oct 5, 2020, 12:26 PM IST
Highlights

ബുധനാഴ്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കേ നിര്‍ണായക കരുനീക്കങ്ങളാണ് ചെന്നൈയില്‍. പരമാവധി എംഎല്‍എമാരെ ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് ഒപിഎസ്. മുഴുവന്‍ എംഎല്‍എമാരോടും നാളെ ചെന്നൈയിലെത്തണമെന്നാണ് നിര്‍ദേശം. 

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായി. രണ്ടാം ധര്‍മ്മയുദ്ധമെന്ന് പ്രഖ്യാപിച്ച് പുതിയ സഖ്യത്തിന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം നീക്കം തുടങ്ങി. ബിജെപിയുടെ അനുനയ ശ്രമങ്ങള്‍ക്കിടയിലും പളനിസ്വാമിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് ഇപിഎസ് പക്ഷം.

ബുധനാഴ്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കേ നിര്‍ണായക കരുനീക്കങ്ങളാണ് ചെന്നൈയില്‍. പരമാവധി എംഎല്‍എമാരെ ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് ഒപിഎസ്. മുഴുവന്‍ എംഎല്‍എമാരോടും നാളെ ചെന്നൈയിലെത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ എംഎല്‍എമാരില്‍ ഭൂരിഭാഗവും എടപ്പാടി പളനിസ്വാമിക്കൊപ്പമാണ്. പനീര്‍സെല്‍വം കുടുംബാധിപത്യം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എടപ്പാടി തന്നെ മുഖ്യമന്ത്രിയാകണമെന്നുമാണ് ഉന്നതാധികാര സമിതിയില്‍ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. 

പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെ ശശികല വിഭാഗവുമായി സഖ്യത്തിനാണ് പനീര്‍സെല്‍വത്തിന്‍റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും ഒപിഎസ്സുമായി അടുക്കേണ്ടെന്നാണ് ഇപ്പേള്‍ ശശികല ദിനകരന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബിജെപി കേന്ദ്രനേതാക്കളുമായി ഒപിഎസ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെട്ടതോടെ, ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും പ്രഖ്യാപനം ബുധനാഴ്ചയ്ക്ക് ശേഷമുണ്ടാകുമെന്നും ഒപിഎസ് പ്രസ്താവനയിറക്കി. 

പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും തമിഴ്നാട്ടിലെ നിര്‍ണായക വോട്ട്ബാങ്കായ തേവര്‍ സമുദായത്തിലെ പ്രിയപ്പെട്ട നേതാവാണ്  ഒപിഎസ്. പനീ‍ർ സെല്‍വത്തെ അകറ്റുന്നത് വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. മഞ്ഞുരുകുന്നത് വരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം മതിയെന്നുമാണ് ബിജെപി നിലപാട്.

click me!