പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍; പ്രതിഷേധങ്ങൾ തെറ്റിദ്ധാരണ മൂലമെന്ന് പിഎസ്‍സി |PANI KITTIYAVAR

By Web TeamFirst Published Aug 16, 2020, 12:21 PM IST
Highlights

സര്‍ക്കാരും പിഎസ്‍സിയും കൈയൊഴിഞ്ഞ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധികളാണ് നിരാശയും സങ്കടവും പറയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറയ്ക്ക് മുന്നിൽ ‍അണിനിരന്നത്.

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ദുരിതം കേരളത്തിനു മുന്നില്‍ തുറന്നു കാട്ടി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര പണി കിട്ടിയവര്‍. രണ്ടു മണിക്കൂര്‍ നീണ്ട പ്രത്യേക സംവാദ പരിപാടിയില്‍ സംസ്ഥാനത്ത് ഉടനീളമുളള ഉദ്യോഗാര്‍ഥികള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ അണിനിരന്നു. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് ഉദ്യോഗാര്‍ഥികള്‍  പ്രതിഷേധിക്കുന്നതെന്നായിരുന്നു  പിഎസ്‍സി ചെയര്‍മാന്‍റെ പ്രതികരണം.

സര്‍ക്കാരും പിഎസ്‍സിയും കൈയൊഴിഞ്ഞ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധികളാണ് നിരാശയും സങ്കടവും പറയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറയ്ക്ക് മുന്നിൽ ‍അണിനിരന്നത്. റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റാനെടുത്ത കഷ്ടപ്പാടിനെ പറ്റിയും റാങ്ക് കിട്ടിയിട്ടും ജോലിക്കായി നടത്തേണ്ടി വരുന്ന നെട്ടോട്ടങ്ങളെ പറ്റിയും കോടതി വ്യവഹാരങ്ങളുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളെ പറ്റിയുമെല്ലാം സംസ്ഥാനത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ചെറുപ്പക്കാര്‍ കേരളത്തോട് തുറന്നു പറഞ്ഞു.

 

ചെറുപ്പക്കാരുടെ ഈ സങ്കടം പറച്ചിലെല്ലാം തെറ്റിദ്ധാരണ കൊണ്ടാണെന്ന വിലയിരുത്തലാണ് പക്ഷേ പിഎസ്‍സിക്ക്. രാജ്യത്ത് ഏറ്റവുമധികം നിയനങ്ങള്‍ നടത്തിയത് കേരളത്തിലാണെന്നു പറഞ്ഞ പിഎസ്‍സി ചെയര്‍മാന്‍ നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്ന നിലപാടും പ്രഖ്യാപിച്ചു.

 

പക്ഷേ പിഎസ്‍സിയുടേയും സര്‍ക്കാരിന്‍റെയുമെല്ലാം വാദങ്ങളെ യുക്തിഭദ്രമായ വസ്തുതകള്‍ നിരത്തി ചോദ്യം ചെയ്തു ഉദ്യോഗാര്‍ഥികള്‍.

 

ടെലിഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ആവലാതികളുമെല്ലാം ഉയര്‍ത്തുന്നുണ്ട് ഉദ്യോഗാര്‍ഥികള്‍. ആ ജീവിതങ്ങളെല്ലാം തുറന്നുകാട്ടാനും നീതി നേടിയെടുക്കാനും ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഉണ്ടാകുമെന്ന ഉറപ്പോടെയാണ് രണ്ടു മണിക്കൂര്‍ നീണ്ട പ്രത്യേക സംവാദ പരിപാടിയ്ക്ക് തിരശീല വീണത്. 

click me!