
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ളാസയില്‍ സ്വകാര്യ ബസ്സുകളും ടോള്‍ കമ്പനിയും തമ്മിലുള്ള തര്‍ക്കം മൂലം യാത്രക്കാര്‍ വലയുന്നു. ഇന്നു മുതല്‍ ടോള്‍ നല്‍കാതെ ബസ്സുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് കമ്പനി. ഇതില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുകയാണ്. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കമ്പനി ഇന്നു മുതല്‍ ടോള്‍ പിരിവ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പ്രതിമാസം 50 ട്രിപ്പുകള്‍ക്ക് 10500 രൂപ നല്‍കണമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും ട്രിപ്പുകളുടെ എണ്ണം നിജപ്പെടുത്തരുതെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. ഇതാണ് പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.
പന്നിയങ്കര ടോൾ പ്ലാസയിൽ (Panniyankara toll plaza) പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. പഴയ നിരക്കിൽ ടോൾ പിരിക്കണം എന്നാണ് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്‍റെ ഉത്തരവ്. ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉടമകൾക്ക് എതിരെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ കക്ഷി ചേർന്ന അഡ്വ. ഷാജി കെ കോടങ്കണ്ടത്താണ് പണി പൂർത്തിയാകാതെ അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തത്. പണി പൂർത്തിയാക്കാതെ കമ്പനിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ചോദ്യം ചെയ്തെങ്കിലും,വേറെ ഹർജി നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.
ടോൾ പിരിവിന് ഉപഗ്രഹ അധിഷ്ഠിത സംവിധാനം, സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ; പരീക്ഷണ ഓട്ടം തുടങ്ങി
ടോൾ പിരിവിന് പുതിയ സംവിധാനം വരുന്നുവെന്ന് റിപ്പോർട്ട്. വാഹനങ്ങൾ ദേശീയപാതകളിൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ ഈടാക്കാനാണ് തീരുമാനം. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോൾ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളിൽ പരീക്ഷണം തുടങ്ങിയെന്നുമാണ് റിപ്പോർട്ട്.
നിലവിൽ രണ്ട് ടോളുകൾക്കിടയിൽ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോൾ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കി തുക ഈടാക്കാനാണ് ശ്രമം. അങ്ങിനെ വരുമ്പോൾ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.
എന്നാൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപ് ഗതാഗത നയത്തിൽ തന്നെ കേന്ദ്രസർക്കാർ മാറ്റം വരുത്തേണ്ടി വരും. റഷ്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ ഇതിന്റെ പഠനങ്ങൾ നടക്കുകയാണ്. അധികം വൈകാതെ തന്നെ റിപ്പോർട്ട് പുറത്തുവിടും.
പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍ എംപി
തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544 ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് ടിഎന്‍ പ്രതാപന്‍ എംപി. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ കാര്യം അറിയിച്ചത് എന്നാണ് തൃശ്ശൂര്‍ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിടച്ചത്.
പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി പറയുന്നു.
പത്തുവർഷത്തോളമായി പ്രവർത്തിക്കുന്ന ടോൾ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്.
പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് 35 കിലോമീറ്റർ മാത്രം ദൂരത്തിൽ പന്നിയങ്കരയിൽ പുതിയ ടോൾ തുറന്നിട്ടുണ്ട്. ആയതിനാൽ മന്ത്രിയുടെ പ്രഖ്യാപനത്തെ മുൻനിർത്തി നേരത്തെയുണ്ടായിരുന്ന ടോൾപ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തിൽ പറയുന്നതെന്ന് എംപി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam