
കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റിൽ. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ്. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam