
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിലായി. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ് . ഇന്ന് വൈകിട്ട് 5 മണിക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് വീണ്ടും നോട്ടീസ് നൽകി. പ്രതി രാജ്യം വിട്ടത് പോലീസിന്റെ പിഴവ് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.
രാഹുലിനായി ദിവസങ്ങൾ നീണ്ട തിരച്ചിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഒടുവിൽ പ്രതി രാജ്യം വിട്ടെന്ന കാര്യം സ്ഥിരീകരിച്ചത്. പ്രതിക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് രാഹുൽ ജർമനിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്. താൻ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
രാഹുലിന് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് ഇയാളാണെന്ന് പോലീസ് പറയുന്നു. പെൺകുട്ടിക്ക് രാഹുലിൽ നിന്ന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന ദിവസം രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു. ജർമ്മനിയിൽ എത്തിയ ശേഷം രാഹുൽ രാജേഷുമായും സഹോദരിയുമായും വാട്സ്ആപ്പ് കോൾ വഴി സംസാരിച്ചതിന്റെ തെളിവുകളും പോലീസിന് കിട്ടി. ഇതിനെ തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
ജർമ്മൻ പൗരത്വമുള്ളയാലാണ് പ്രതി രാഹുൽ. രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അന്വേഷണസംഘം അറിയിച്ചു. യഥാസമയം പരാതി നൽകിയിട്ടും പ്രതി രാജ്യം വിടാൻ ഇടയായത് പോലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam