
കണ്ണൂർ : സിപിഎമ്മിന്റെ സോളാർ സമരം സിപിഎം നേതാക്കൾ തന്നെ ഇടപെട്ട് ഒത്തുതീർക്കുകയായിരുന്നുവെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്ന് ജോൺ ബ്രിട്ടാസ് എംപി. സമരം നിർത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഒത്തുതീർപ്പിന് തയ്യാറെന്ന് തിരുവഞ്ചൂർ അറിയിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ തിരുവഞ്ചൂർ വിളിച്ചു. ചെറിയാൻ ഫിലിപ്പിന് എല്ലാം അറിയാം. പാർട്ടിയുടെ അറിവോടെ അന്ന് മുഖ്യമന്ത്രിയേയും കണ്ടുവെന്നും ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റാണ് ജോൺ ഇപ്പോൾ പറയുന്നതെന്നും താൻ മാധ്യമ പ്രവർത്തകനായല്ല പങ്കാളിയായതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കളമശ്ശേരിയിൽ കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ, ഒരാഴ്ചക്കിടെ 28 പേർക്ക് രോഗബാധ, 10 പേർ ചികിത്സയിൽ
ചർച്ചയായി മാധ്യമ പ്രവർത്തകന്റെ വാക്കുകൾ
മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. 'സിപിഎം നേതാക്കൾ തന്നെ ഇടപെട്ട് സിപിഎം സോളാർ സമരം ഒത്തുതീർപ്പാക്കി. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. ഇപ്പോൾ രാജ്യസഭാ അംഗവും അന്ന് കൈരളി ടിവി എംഡിയുമായിരുന്ന ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമത്രയും നടത്തിയത്'. എന്നാൽ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഒത്തുതീർപ്പ് വിവരം അറിയില്ലായിരുന്നുവെന്നും താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്ക് ഇടനില നിന്നിരുന്നുവെന്നുമായിരുന്നു മുണ്ടക്കയത്തിന്റെ തുറന്നു പറച്ചിൽ.