
തൃശ്ശൂർ: പന്തീരാങ്കാവ് യുഎപിഎ (Pantheerankavu Case) കേസിൽ ത്വാഹ ഫസൽ (twaha Fasal) ജയിൽ മോചിതനായി. സർക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്നും സിപിഎമ്മിൻ്റെ യാതൊരു സഹായവും ലഭിച്ചില്ലെന്നും ത്വാഹ പ്രതികരിച്ചു. വീഡിയോ കോൺഫ്രൻസിംഗ് വഴി സുപ്രീംകോടതി ഇന്നലെയാണ് ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്.
2019 നവംബര്‍ മാസത്തിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎയും ചുമത്തി. പിന്നീട് കേസ് എൻഐഎ ഏറ്റെടുത്തു. എന്നാൽ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ എൻഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നൽകി. ഇതിൽ ത്വാഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കോടതി ത്വാഹയ്ക്കും ജാമ്യം അനുവദിക്കുകയും അലന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.
മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീം കോടതി ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്. പുസ്തകങ്ങൾ, ലഘുലേഖകൾ, പ്ലക്കാർഡുകൾ, ഡയറി കുറിപ്പുകൾ ഇതൊക്കെയാണ് പ്രധാന തെളിവുകളായി നിരത്തിയിരുന്നത്. ഇവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എൻഐഎ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam