
തിരുവനന്തപുരം:പാറശ്ശാലയിലെ മുൻ നഴ്സിംഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതിലാണ് മരണത്തിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നതെന്നും ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്നും പൊലീസ് അറിയിച്ചു.
ധനുവച്ചപുരം സ്വദേശി സെലിീനാമ്മയെ കഴിഞ്ഞ 17നാണ് വൈകിട്ട് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായിക്കാൻ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18ന് സംസ്കാരവും നടത്തിയിരുന്നു.
എന്നാൽ, സെലീനാമ്മയുടെ ബാഗിൽ നിന്ന് അഞ്ച് പവന്‍റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാറശ്ശാല പൊലീസിൽ പരാതി നൽകി. ഇതോടെയാണ് കളക്ടറുടെ അനുമതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി അടക്കം ചെയ്തു.
അതേസമയം, മരണ ദിവസം തന്നെ പോസ്റ്റ്‍മോര്‍ട്ടം ആവശ്യപ്പെട്ടിരുന്നുവെന്നും മൃതദേഹം കുളിപ്പിച്ചവർ മുറിവും ചതവും കണ്ടിരുന്നുവെന്നും അന്ന് ബന്ധുക്കൾ പോസ്റ്റ്മോർട്ടത്തിന് തയാറായില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. സെലീനാമ്മയുടെ മൃതദേഹത്തിലെ മുക്കുപണ്ടം ആയതാണ് സംശയത്തിന് ഇടയാക്കിയതെന്നും മകന്‍റെ പരാതിയിലാണ് കല്ലറ തുറന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്താൻ തീരുമാനിച്ചതെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി എസ് ഷാജി പറഞ്ഞു.
മരണദിവസം തന്നെ സംശയം തോന്നിയിരുന്നു എന്ന് അയൽവാസി ബാഹുലേയൻ പറഞ്ഞു. മുഖത്തും കഴുത്തിലും പാടുകള്‍ കണ്ടിരുന്നു. ദേഹത്ത് ഉണ്ടായിരുന്നത് സ്വർണത്തിന് പകരം മുക്കുപണ്ടമായിരുന്നു. മരണകാരണമാകുന്ന അസുഖം ഒന്നും സെലീനാമ്മയ്ക്ക് ഉണ്ടായിരുന്നില്ല.തലേദിവസം വരെ ആരോഗ്യവതിയായി കണ്ടിരുന്നുവെന്നും അയൽവാസി ബാഹുലേയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam