
കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. 22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ചികിത്സയിലുള്ളത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.