
പറവൂര്‍: നവകേരള സദസ്സിന് പണം നൽകാൻ നേരത്തെയെടുത്ത തീരുമാനം പറവൂർ മുൻസിപ്പാലിറ്റി റദ്ദാക്കിയെങ്കിലും പണം അനുവദിച്ച് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നൽകണമെന്ന നിലപാടിൽ സെക്രട്ടറി ഉറച്ചു നിന്നു.എതിർപ്പുമായി യു.ഡി എഫ് ഭരണ സമിതി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.റദ്ദാക്കിയ ഇന്നത്തെ തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.തുടര്‍ന്നാണ് അദ്ദേഹം ചെക്കില്‍ ഒപ്പിട്ടത്.
ഒരു ലക്ഷം രൂപ നൽകാനുള്ള തീരുമാനമാണ് ഇന്ന് ചേർന്ന കൗൺസിൽ യോഗം റദാക്കിയത്.സർക്കാരിൻ്റെ നിർബന്ധിത പ്രൊജക്റ്റ് എന്ന് തെറ്റിദ്ധരിച്ചതിനാലാണ് നേരത്തെ പണം നൽകാൻ തീരുമാനിച്ചതെന്നും ഇപ്പോൾ ആ തീരുമാനം റദ്ദാക്കുന്നുവെന്നും ചെയർപേഴ്സൻ ബീന ശശിധരൻ കൗൺസിൽ യോഗത്തെ അറിയിച്ചു.പ്രതിപക്ഷത്തിൻ്റെ എതിർപ്പിനിടെയാണ് തീരുമാനം ചെയർപേഴ്സൻ പ്രഖ്യാപിച്ചത്.നേരത്തെയെടുത്ത കൗൺസിൽ തീരുമാനം റദ്ദാക്കാനാവില്ലെന്ന് സെക്രട്ടറി ജോ ഡേവിഡ് അറിയിച്ചെങ്കിലും വോട്ടെടുപ്പിലൂടെ ഭൂരിപക്ഷ പ്രകാരം എടുത്ത തീരുമാനമാണെന്നും ഇത് ലംഘിച്ച് പണം നൽകിയാൽ സെക്രട്ടറിയുടെ കയ്യിൽ നിന്ന് നൽകേണ്ടി വരുമെന്നും ചെയർപേഴ്സൻ മുന്നറിയിപ്പ് നൽകി.പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ കോൺഗ്രസ് ഭരിക്കുന്ന മുനിസിപ്പാലിറ്റി നവകേരള സദസിന് പണം അനുവദിച്ചത് വിവാദമായിരുന്നു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പണം നൽകിയാൽ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ തന്‍റെ നിലപാടില്‍ ഉറച്ച് നിന്ന സെക്രട്ടറി പണം അനുവദിച്ച് ചെക്കില്‍ ഒപ്പിടുകയായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam