
അഗളി: അഗളി പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധപൂർവ്വം കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നെന്ന് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയിൽ പൂട്ടിയിട്ടതായും ആരോപണമുണ്ട്. എന്നാൽ സംഭവം വാസ്തവ വിരുദ്ധമെന്നാണ് ഹോസ്റ്റൽ അധികൃതർ വിശദീകരിക്കുന്നത്.
ആദിവാസി പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജോലിക്ക് ജീവനക്കാരുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം പണിയെടുപ്പിക്കുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുളിമുറികൾ കഴുകൽ, അഴുക്കുചാൽ വൃത്തിയാക്കൽ, വിറക് ചുമക്കൽ എന്നിവയെല്ലാം ചെയ്യാൻ കുട്ടികൾ നിർബന്ധിതരാവുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതറിഞ്ഞ് വിവരങ്ങളന്വേഷിക്കാൻ ചെന്ന രക്ഷിതാക്കളോട് ഹോസ്റ്റൽ അധികൃ തർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
വിദ്യാർത്ഥിളെ അകാരണമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച് രക്ഷിതാക്കൾ ഐറ്റിഡിപി പ്രോജക്റ്റ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
അതേസമയം രക്ഷിതാക്കളുടെ ആരോപണങ്ങൾ ഹോസ്റ്റല്‍ അധികൃതര്‍ തളളിക്കളയുകയാണ്. അനുസരണക്കേട് കാണിച്ച കുട്ടികളെ ശാസിക്കുകമാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്നും ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്നും പ്രോജക്റ്റ് ഓഫീസർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam