
കൊല്ലം: കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പങ്കില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടും. അതേസമയം, മരിച്ച രഞ്ജിത്തിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പിടിയിലായ പ്രതി വിനീതിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മർദ്ദനമേറ്റ ഫെബ്രുവരി പതിനാലിന് തന്നെ രഞ്ജിത്തിന്‍റെ രക്ഷിതാക്കള്‍ സരസൻ പിള്ളക്ക് എതിരെ ചവറതെക്കുംഭാഗം പൊലീസിന് പരാതി നല്‍കിയിരുന്നു. തുടർന്ന് രഞ്ജിത്തിന്‍റെ മരണ ശേഷം നല്‍കിയ മൊഴിയിലും സരസൻപിള്ളയുടെ പേര് നല്‍കിയിട്ടുണ്ട്. അയല്‍വാസികളും സരസൻ പിള്ളക്ക് എതിരെയാണ് മൊഴി നല്‍കിയിട്ടുള്ളത്. സരസൻ പിള്ളക്ക് എതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്.
രഞ്ജിത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. അന്വേഷണം ചവറ പൊലീസ് അട്ടിമറിക്കുകയാണെന്ന് രഞ്ജിത്തിന്‍റെ മാതാപിതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം രജ്ഞിത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മര്‍ദ്ദനമല്ല മരണകാരണമെന്നും പ്രതി വിനീതിന്‍റെ അച്ഛൻ വിജയൻപിള്ള വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam